ശരീരത്തില്‍ ചലനശേഷിയുള്ളത് ഇടതുകൈയുടെ മൂന്നു വിരലുകള്‍ക്കു മാത്രം. എഴുന്നേറ്റു നടക്കാന്‍ പറ്റില്ല. സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കഴിയില്ല. എല്ലാറ്റിനും അമ്മയുടെ സഹായം വേണം. വീല്‍ ചെയറിലാണ് യാത്ര. ജന്മനായുള്ള സെറിബ്രല്‍ പാള്‍സിയെന്ന രോഗത്തെ അതിജീവിച്ച് സിവില്‍ സര്‍വീസ് പട്ടികയില്‍ ഇടം നേടിയ കോഴിക്കോട് കീഴരിയൂര്‍ എരേമ്മന്‍ കണ്ടി എ.കെ. ശാരികയ്ക്ക് അഭിനന്ദന പ്രവാഹമാണിപ്പോള്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 922 -ാം റാങ്ക് നേടിയ ശാരിക ഒരു നാടിന്റെ താരമായി മാറിക്കഴിഞ്ഞു.
എണ്പതു ശതമാനത്തിലേറെ ശാരീരിക വൈകല്യമുള്ള ശാരികയുടെ ജീവിതം അതിജീവനത്തിന്റെ പുതിയ പാഠമാണ്. സ്പെഷല്‍ സ്കൂളില്‍ പോകാതെ മറ്റു കുട്ടികള്‍ പഠിക്കുന്ന സാധാരണ സ്കൂളില്‍ പഠിച്ച് വിജയത്തിന്റെ ഉന്നത തലത്തിലെത്തിയ അപൂര്‍വ വ്യക്തിത്വം.
കീഴരിയൂര്‍ കണ്ണോത്ത് യുപി സ്കൂളിലും മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കൊയിലാണ്ടി എസ്എന്‍ഡിപി കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബിഎ ഇംഗ്ലീഷ് പാസായപ്പോഴണ് സിവില്‍ സര്‍വീസ് എന്ന സ്വപ്നം മനസിലേക്ക് കടന്നുവന്നതെന്ന് ശാരിക പറഞ്ഞു. പിന്നെ അതെത്തിപ്പിടിക്കാനായി ശ്രമം. ഇടതുകൈയുടെ മൂന്നു വിരലുകള്‍ ഉപയോഗിച്ചാണ് എഴുത്ത്.
ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്കാന് അബ്സൊല്യൂട്ട് ഐഎഎസ് അക്കാഡമിയുടെ സ്ഥാപകനും എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. ജോബിന് എസ്. കൊട്ടാരം ആരംഭിച്ച ‘പ്രോജക്ട് ചിത്രശലഭം’എന്ന പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
സ്കോളര്‍ഷിപ്പോടെയായിരുന്നു പഠനം. ഓണ്‍ലൈനായും തിരുവനന്തപുരത്ത് നേരിട്ടുമായിരുന്നു പരിശീലനം. ഖത്തറില്‍ ഡ്രൈവറായ എരേമ്മന്‍ കണ്ടി ശശിയുടെയും വീട്ടമ്മയായ രാഖിയുടേയും മകളാണ് ശാരിക. പ്ലസ് ടു വിദ്യാര്‍ഥിനിയായ ദേവിക സഹോദരിയാണ്.
സ്വന്തം ലേഖകന്‍