കാട്ടാക്കട: പോലീസ് ആസ്ഥാനത്ത് ക്ലാർക്കായി ജോലി ചെയ്യുന്ന പി.എം. മിന്നുവിന് സിവിൽ സർവീസ് പരീക്ഷയിൽ മിന്നും വിജയം. 150-ാം റാങ്ക് കരസ്ഥമാക്കിയാണ് മിന്നു സിവിൽ സർവീസ് റാങ്കുപട്ടികയിൽ സ്ഥാനമുറപ്പിച്ചത്. 12-ാം ക്ലാസിൽ പഠിക്കുന്പോഴാണ് കേരള പോലീസിൽ എസ്ഐ ആയിരുന്ന, മിന്നുവിന്റെ പിതാവ് പോൾ രാജ് മരണപ്പെടുന്നത്.
തുടർന്ന് ആശ്രിത നിയമനം വഴി മിന്നുവിന് പോലീസ് ആസ്ഥാനത്ത് ജോലി ലഭിച്ചു.എങ്കിലും പഠനകാലത്തു തന്നെ മനസിൽ ചേക്കേറിയ സിവിൽ സർവീസ് എന്ന സ്വപ്നത്തെ മിന്നു താലോലിച്ചു. അതിനു വേണ്ടി ജോലിക്കിടയിലും കഠിനാധ്വാനം ചെയ്തു.
മിന്നുവിന് എല്ലാ പിന്തുണയുമായി ഐഎസ്ആർഒ ഉദ്യോഗസ്ഥനായ ഭർത്താവ് ജോഷിയും മിന്നുവിന്റെ മാതാവ് മിനിപ്രഭയും ഒപ്പമുണ്ടായിരുന്നു. കേരള സർവകലാശാലയിൽ നിന്നും ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള മിന്നു 2015 ലാണ് ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതിയത്.
തുടർന്ന് 2017 ൽ അഭിമുഖം വരെ എത്തിയെങ്കിലും അഭിമുഖത്തിൽ പരാജയപ്പെട്ടു.എന്നാൽ പിൻവാങ്ങാതെ തന്റെ ലക്ഷ്യത്തിലെത്താൻ മിന്നു കൂടുതൽ കഠിനാധ്വാനം ചെയ്തു.തലസ്ഥാനത്തെ സ്വകാര്യ സിവിൽ സർവീസ് കോച്ചിംഗ് സ്ഥാപനത്തിലുൾപ്പെടെ പരിശീലനത്തിനായി ചേർന്നു.
ഒടുവിൽ കഠിനാധ്വാനം വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് മിന്നു. പോലീസ് സേനയിൽ നിന്ന് മുൻ ഡിജിപി ലോക്നാഥ് ബഹ്റ അടക്കമുള്ളവർ തനിക്കു പിന്തുണ നൽകിയെന്നും മിന്നു പറഞ്ഞു. രണ്ടാം ക്ലാസ് വിദ്യാർഥിയായ ജെർമിയ ജോണ് കോശി മകനാണ്.