സ്വന്തം ലേഖകന്‍
കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ രാഷ്ട്രീയ ഭേദമെന്യേ കൈകോര്‍ക്കാന്‍ തീരുമാനിക്കുമ്പോഴും സിപിഎം നയിക്കുന്ന പ്രക്ഷോഭങ്ങളോട് അകലം പാലി ക്കാന്‍ മുസ് ലിം ലീഗ്. സിപിഎം നേതൃത്വത്തില്‍ 15ന് കോഴിക്കോട് നടക്കുന്ന സെമിനാറില്‍ നേതാക്കള്‍ പങ്കെടുക്കണോ എന്ന കാര്യം കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ പാർട്ടി തീരുമാനിക്കൂ.
സിവില്‍ കോഡില്‍ സിപിഎം നയിക്കുന്ന പ്രതിഷേധത്തോടുള്ള സമീപനം എങ്ങിനെയായിരിക്കണമെന്ന കാര്യത്തില്‍ ലീഗില്‍ ഭിന്നാഭിപ്രായമുണ്ട്.
സിപിഎം നിലപാടിനെ ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സ്വാഗതം ചെയ്തപ്പോള്‍ സിപിഎമ്മിന്റേത് ആത്മാര്‍ഥതയില്ലാത്ത നിലപാടാണെന്നാണ് എം.കെ. മുനീര്‍ പറഞ്ഞത്.
ഏക സിവില്‍ കോഡ് മുസ് ലിം സമുദായത്തില്‍ മാത്രമല്ല ബാധിക്കുക. എല്ലാ സാമുദായിക നേതാക്കളെയുമാണ് സിപിഎം കൂട്ടായ്മയ്ക്ക് വിളിക്കേണ്ടതെന്നും മുനീര്‍ പറയുന്നു.
അതേസമയം, കോണ്‍ഗ്രസിനൊപ്പം മാത്രമല്ല വിഷയത്തില്‍ ശക്തമായി സമരരംഗത്തുള്ള മറ്റുള്ളവരുമായും കൈകോര്‍ക്കുന്നതില്‍ മടിക്കില്ലെന്നു ലീഗ് നേതൃത്വം വ്യക്തമാക്കുന്നു.
മുസ് ലിം സമുദായത്തിന്റെ മാത്രം പ്രശ്നമാണ് എന്ന തരത്തില്‍ അവതരിപ്പിക്കപ്പെടുന്ന സെമിനാറുകളില്‍ പങ്കെടുക്കരുതെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
വിഷയത്തില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് എടുത്ത മൃദു സമീപനത്തോട് ലീഗിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. വിഷയത്തില്‍ ലീഗുമായി സിപിഎം ഒന്നിച്ച് പോരാടുമെന്ന ഘട്ടമെത്തിയപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേതാക്കളെ ബന്ധപ്പെട്ട് ശക്തമായ പിന്തുണ അറിയിക്കുകയായിരുന്നു.
ഇന്നലെ കോഴിക്കോട് മുസ് ലിം ലീഗിന്റെ നേതൃത്വത്തില്‍ നടന്ന വിവിധ സംഘടനകളുടെയോഗം ചേരുന്നതിന് മുന്‍പായാണ് കെ.സി.വേണുഗോപാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണ അറിയിച്ചത്.
ലീഗ് നേതാക്കള്‍ക്ക് പുറമെ കാന്തപുരം വിഭാഗം സമസ്ത, ഇ.കെ. സമസ്ത, കെഎന്‍എം, വിസ്ഡം, മര്‍ക്കസുദവ, എം ഇ എസ്, തബ്ലീഗ്, ദക്ഷിണ കേരള മുസ് ലിം ജമാഅത്ത് തുടങ്ങി 11 സംഘടനകളുടെ പ്രതിനിധികളാണ് കോഴിക്കോട്ടെ യോഗത്തില്‍ പങ്കെടുത്തത്.
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ പ്രക്ഷോഭ പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.