പണ്ടൊക്കെ പെൺകുട്ടികളെ അധികം പഠിപ്പിക്കുന്നതിനായി വിട്ടിരുന്നില്ല. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഏതെങ്കിലും നല്ല ആലോചന വന്നാൽ ഉടൻതന്നെ പഠനം നിർത്തി കല്യാണം കഴിപ്പിച്ച് വിടുക പണ്ട് കാലത്ത് പതിവായിരുന്നു. കാലം മുന്നോട്ട് പോകുംതോറും അത്തരം അവസ്ഥയ്ക്ക് മാറ്റങ്ങൾ വന്നു. എങ്കിലും ചില വീടുകളിൽ ഇപ്പോഴും ഇത്തരം പ്രവണതകൾ നിലനിൽക്കുന്നുണ്ട്.
കല്യാണത്തിനു വീട്ടുകാർ നിർബന്ധിച്ചപ്പോൾ അതിൽ നിന്നും രക്ഷപെട്ടോടിയ ഒരു പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ വൈറലാകുന്നത്. സഞ്ജു റാണി വർമയാണ് ആ പെൺകുട്ടി. 2013-ൽ സഞ്ജുവിന്റെ അമ്മ മരണപ്പെട്ടു. അമ്മയുടെ വിയോഗത്തോടെ സഞ്ജുവിനെ വിവാഹം കഴിപ്പിച്ചു വിടാൻ വീട്ടുകാർ നിർബന്ധിച്ചു. എന്നാൽ തുടർന്ന് പഠിക്കാനായിരുന്നു അവളുടെ ആഗ്രഹം.
കല്യാണത്തിന് വീട്ടുകാരുടെ ഭാഗത്ത് നിന്നും കടുത്ത സമ്മർദം മൂലം അവൾക്ക് വീട് വിട്ടിറങ്ങേണ്ടി വന്നു. ഏഴ് വർഷത്തോളം കഴിക്കാൻ ഭക്ഷണമോ തല ചായ്ക്കാൻ ഒരിടമോ ഇല്ലാതെ അവൾ അലഞ്ഞു. അത്രമേൽ പ്രാരാബ്ദം നിറഞ്ഞ ജീവിതത്തിലും തന്റെ സ്വപ്നങ്ങളും ഉള്ളിൽ സൂക്ഷിച്ചിരുന്ന ആഗ്രഹങ്ങളും അവർ മറന്നില്ല.
സഞ്ജുവിന്റെ പ്രധാന ലക്ഷ്യം സിവിൽ സർവീസ് പരീക്ഷ പാസാകുക എന്നതായിരുന്നു. പട്ടിണിയും ദാരിദ്രവും ലക്ഷ്യത്തിൽ നിന്നും അവളെ പിന്നോട്ട് വലിച്ചില്ല. വെല്ലുവിളി നിറഞ്ഞ യുപിപിഎസ്സി-2018 പരീക്ഷയിൽ സഞ്ജു വിജയം കൈവരിക്കുകയും ചെയ്തു.ഇന്ന് അവൾ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥയാണ്. പ്രതിസന്ധികളിൽ പതറാതെ നിശ്ചയ ദാർഢ്യത്തോടെയുളള സഞ്ജുവിന്റെ കഠിനാധ്വാനമാണ് അവളെ ഉന്നതിയിലെത്തിച്ചത്. സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച് ഡിവിഷണൽ മജിസ്ട്രേറ്റാകുക എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് ഇനി സഞ്ജുവിന്റെ ആഗ്രഹം.