തിരുവനന്തപുരം: സർക്കാർ ചടങ്ങുകൾ മതനിരപേക്ഷമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി 2023-ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.
പരിപാടി തുടങ്ങുന്നതിനു മുൻപായി ഈശ്വരപ്രാർഥനയ്ക്ക് വേണ്ടി എല്ലാവരോടും എഴുന്നേറ്റുനിൽക്കുന്നതിന് വേദിയിൽനിന്നു നിർദേശമുണ്ടായി. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതെന്നാണ് സൂചന.
മതങ്ങളിൽ ഈശ്വരവിശ്വാസികളും അവിശ്വാസികളുമുണ്ട്. ഹിന്ദുമതത്തിൽ എല്ലാവരും ഈശ്വര പ്രതിഷ്ഠയിൽ വിശ്വസിക്കുന്നവരല്ല. ആദ്യം മുതൽ ഈശ്വരനെ നിഷേധിച്ചു ജീവിക്കുന്നവരുമുണ്ട്. ചടങ്ങുകൾ ഒരു പ്രത്യേക രീതിയിൽ സംഘടിപ്പിക്കാൻ പാടില്ലന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്ന മനോഭാവം എല്ലാ ചടങ്ങിലും പ്രകടമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.