കൊട്ടാരക്കര: ഏറെകാലത്ത് കാത്തിരിപ്പിനൊടുവിൽ കൊട്ടാരക്കര മിനി സിവിൽസ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മിനി സിവിൽസ്റ്റേഷൻ ഉദ്ഘാടനം മേയ് ആദ്യ വാരം നടക്കും.
ഇതിനുള്ള തയാറെടുപ്പുകൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് കൊട്ടാരക്കര മിനി സിവിൽസ്റ്റേഷൻ യാഥാർഥ്യത്തോടെ അടുക്കുന്നത്. ഇതോടൊപ്പം നിർമാണം ആരംഭിച്ച മറ്റ് താലൂക്കിലെ എല്ലാം സിവിൽ സ്റ്റേഷനുകൾ എല്ലാം പ്രവർത്തനം സജ്ജമായിട്ട് വർഷങ്ങൾ തന്നെ കഴിഞ്ഞു. എട്ടുവർഷം മുന്പാണ് ഈ മിനി സിവിൽ സ്റ്റേഷൻ നിർമാണം ആരംഭിക്കുന്നത്.
അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദനാണ് തറക്കല്ലിട്ടത്. നിർമാണം ആരംഭിച്ച് ഏറെ വൈകാതെ തന്നെ പ്രതിസന്ധികളും ഉടലെടുത്തു. മന്ത്രിസഭ മാറി വന്നതോടെ ചെയ്ത് ജോലിയുടെ വൻ തുകയ്ക്കുള്ള ബില്ലുകൾ മാറികിട്ടുന്നില്ല എന്ന പരാതിയോടെ കരാറുകാരൻ പണി നിർത്തിവച്ചു.
ഇത് പരിഹരിച്ചു വന്നതോടെ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിച്ചതിനാൽ എസ്റ്റിമേറ്റ് തുക വർധിപ്പിക്കണമെന്ന ആവശ്യവുമായി കരാറുകാരൻ രംഗത്തെത്തി. അധികൃതർ ഇത് നിഷേധിച്ചതിനെ തുടർന്ന് കരാറുകാരൻ കോടതിയെ സമീപിക്കുകയുണ്ടായി. ഈ കാലയളവുകളിലെല്ലാം നിർമാണ ജോലികൾ മുടങ്ങികിടന്നു.
ഒടുവിൽ അയിഷാപോറ്റി എംഎൽഎ ഇടപെട്ട് മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടേയും സാന്നിധ്യത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചത്. ദേശീയപാതയോട് ചേർന്ന് നാല് നിലകളിലായിട്ടാണ് മിനി സിവിൽസ്റ്റേഷൻ പൂർത്തിയാവുക. ലിഫ്റ്റ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് നിർമാണം.
ജലക്ഷാമം ഉണ്ടാകാതിരിക്കാൻ മഴവെള്ള സംഭരണികൾ സജ്ജമാക്കിയിട്ടുണ്ട്. മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ നഗരത്തിൽ പല ഭാഗങ്ങളിലായി ചിതറികിടക്കുന്ന സർക്കാർ ഓഫീസുകൾ എല്ലാം ഒരു കുടകീഴിലാകും. നൂറിലധികം സർക്കാർ ഓഫീസുകളാണ് ഇപ്പോൾ സ്വകാര്യ കെട്ടിടങ്ങൾ ഭീമമായ വാടക നൽകി പ്രവർത്തിച്ചുവരുന്നത്.
മിനി സിവിൽസ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ വാടക ഇനത്തിൽ മാസംതോറും നൽകിവരുന്ന ലക്ഷകണക്കിന് രുപ പൊതു ഖജനാവിന് ലാഭിക്കാൻ കഴിയും. ആദ്യ രണ്ട് നിലകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവർത്തന സജ്ജമാകുന്നത്. താലൂക്കാഫീസുകൾ ഉൾപ്പടെ പത്തോളം ഓഫീസുകൾ ആദ്യ ഘട്ടത്തിൽ ഇവിടെ പ്രവർത്തനം ആരംഭിക്കും.
ഉദ്ഘാടനം കഴിഞ്ഞാൽ ഉടനെ മറ്റ് രണ്ടു നിലകളും ഓഫീസുകൾക്കായി സജ്ജമാക്കുമെന്ന് അഡ്വ.അയിഷാപോറ്റി എം.എൽ.എ അറിയിച്ചു. മേയ് 1 മുതൽ 31 വരെയാണ് വിവിധ വികസന പദ്ധതിയുമായി മന്ത്രിസഭയുടെ രണ്ടാം വാർഷികം ആഘോഷിക്കുക.
ഇതിനായി ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രിയുടെ സൗകര്യാർത്ഥം ആയിരിക്കും ഉത്ഘാടന തീയതി നിശ്ചയിക്കുക. അതിനുമുന്പേ ഫയലുകളും, ഉപകരണങ്ങളും ഇവിടേക്ക് മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിവിധ വകുപ്പുകളിലെ ജീവനക്കാർ.