“വിന്നി ദ പൂ’’വിനു ചൈനയിൽ വിലക്ക്. കാരണം ആ കാർട്ടൂൺ കഥാപാത്രത്തെ കണ്ടാൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിംഗുമായി സാദൃശ്യം.
ഷി ജനിക്കുന്നതിനും വളരെക്കാലം മുന്പ് എ.എ. മിൽനെ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്റെ ഭാവനയിൽ വിരിഞ്ഞതാണ് വിന്നി എന്ന കരടി. വിന്നിയെ മുഖ്യകഥാപാത്രമാക്കി മിൽനെ നിരവധി കഥകൾ എഴുതി. അതിലൊന്ന് ആധാരമാക്കി നിർമിച്ച ക്രിസ്റ്റഫർ റോബിൻ എന്ന സിനിമയാണു ചൈനയിൽ വിലക്കിയത്.
ഷിയെ വിന്നിയുമായി താരതമ്യപ്പെടുത്തിയ ആദ്യസന്ദർഭം 2013-ലെ യുഎസ് സന്ദർശനമായിരുന്നു. അന്ന് ഷിയും ഒബാമയും നടക്കുന്ന പടത്തിനു സമീപം വിന്നി ടിഗ്ഗർ എന്ന കഥാപാത്രവുമായി നടക്കുന്ന ചിത്രം വച്ച പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. പിന്നീടു 2014-ൽ ഷിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമായി നടന്നപ്പോഴും സമാനചിത്രം വിന്നിയുടെ കഥയിൽനിന്നും ലഭിച്ചു.
ഇങ്ങനെ വിന്നി നോട്ടപ്പുള്ളിയായി മാറിയ സാഹചര്യത്തിലാണു വിന്നിയുടെ സിനിമ വന്നത്.