ചിങ്ങവനം: വൈദികൻ ചമഞ്ഞു സാന്പത്തിക തട്ടിപ്പു നടത്തിയ സംഭവത്തിൽ പോലീസിനു അലംഭാവം എന്നു ആക്ഷേപം.
വിദേശ മലയാളികളിൽനിന്നടക്കം ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത യുവാവിനെതിരേ പരാതിയുമായി പ്രവാസി മലയാളിയടക്കം രംഗത്തു വന്നെങ്കിലും പോലീസ് സ്റ്റേഷൻ പരിധിയുടെ പേരിലാണ് പോലീസ് ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നത്.
വിയന്നയിൽ താമസിക്കുന്ന സജി ജേക്കബ് എന്ന പ്രവാസി മലയാളി കോട്ടയം പോലീസ് ചീഫിന് ഇതു സംബന്ധിച്ചു പരാതി നൽകിയതാണ്. തുടർന്നു വാകത്താനം പോലീസാണ് സംഭവം അന്വേഷിച്ചിരുന്നത്.
തട്ടിപ്പു നടത്തിയ ആൾ ചിങ്ങവനം സ്വദേശിയെന്നു അന്വേഷണത്തിൽ അറിഞ്ഞതോടെ വാകത്താനം പോലീസ് ചിങ്ങവനം പോലീസിനു കേസ് കൈമാറുകയായിരുന്നു.
എന്നാൽ, കേസ് സംബന്ധമായ വിവരം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടില്ലെന്നും അതിനു രണ്ട്, മൂന്നു ദിവസം വേണ്ടിവരുമെന്നാണ് ചിങ്ങവനം പോലീസിന്റെ ഭാഷ്യം.
ഉന്നത ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും ചിങ്ങവനം സ്വദേശിയായ പ്രതിക്കെതിരേ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. .
വ്യാപക തട്ടിപ്പ്
ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയ, അമേരിക്ക, സ്വിറ്റ്സർലൻഡ് തുടങ്ങി രാജ്യങ്ങളിൽനിന്നുമായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത വിവരം പുറത്തറിയുന്നത്.
വൈദീകനായ ലൂർദ് സ്വാമി എന്നു പരിചയപ്പെടുത്തിയശേഷം ഉത്തരാഖണ്ഡിലെ ബനഡിക്ടൻ ആശ്രമത്തിലാണ് താൻ ഉള്ളതെന്നും ഇവിടെ താനടക്കമുള്ള ആശ്രമവാസികൾ ആഹാരത്തിനു പോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും താൻ ഗുരുതരമായ രോഗത്തിനടിമയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയെടുത്തത്.
കോട്ടയം വാകത്താനം ഫെഡറൽ ബാങ്കിലെ രാജേഷ് എന്നയാളുടെ അക്കൗണ്ടിലേക്കു പണം അയപ്പിച്ചതോടെയാണ് ആളുകൾക്കു സംശയം തുടങ്ങുന്നത്.
അക്കൗണ്ടിൽ വരുന്ന പണം അപ്പോൾത്തന്നെ എടിഎം വഴി പിൻവലിച്ചതും പണം കൊടുത്തിരുന്ന ചിലർ ലൂർദ് സ്വാമിയോടു വീഡിയോ കോളിൽ വരാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുമാറിയതും സംശയം ശക്തിപ്പെടുത്തി. തുടർന്നാണ് തട്ടിപ്പു നടന്നതായി മനസിലാക്കുന്നത്.