ഓണക്കാലത്ത് തൃശൂർ തെക്കേഗോപുരനടയിൽ ഒരുക്കുന്ന ഭീമൻ പൂക്കളം പോലെ അങ്ങ് കടലുകൾക്കപ്പുറം ദുബായിയിലും ഒരു ഭീമൻ പൂക്കളം വിടർന്നു. സഹിഷ്ണുതാ വർഷമായി ആചരിക്കുന്ന യുഎഇ ആ സന്ദേശത്തിന് പ്രതീകവത്കരിച്ച് ലോകത്തേറ്റവും വലിയ പൂക്കളം തീർത്തു.
പൂക്കളത്തിലെ വിവിധ പൂക്കൾ പോലെ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ സഹിഷ്ണുതയോടെ കഴിയുന്ന രാജ്യമായി യുഎഇയെ പ്രതീകവത്കരിക്കാനാണ് അന്പത് ടണ്ണോളം പൂക്കൾ കൊണ്ട് ഭീമൻ പൂക്കളമൊരുക്കി ഗിന്നസ് റെക്കോർഡിട്ടത്.
സഹിഷ്ണുതാ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഫ്ളവർ ഓഫ് ടോളറൻസ് എന്ന പേരിട്ട പൂക്കളം ഒരുക്കാൻ 150 രാജ്യങ്ങളിൽ നിന്ന് അയ്യായിരത്തോളം സന്നദ്ധ പ്രവർത്തകർ അണിനിരന്നു. ഓരോ രാജ്യക്കാരും അവരുടെ പരന്പരാഗത വേഷത്തിലാണെത്തിയത്. ഫെസ്റ്റിവൽ സിറ്റിക്കു സമീപമുള്ള പാർക്കിംഗ് പ്രദേശത്ത് ഒരുലക്ഷത്തോളം ചതുരശ്ര അടിയിലാണ് പൂക്കളം തീർത്തത്. ഗിന്നസ് ബുക്കിൽനിന്നുള്ള നൂറോളം മാനേജർമാരും മേൽനോട്ടം വഹിക്കാൻ എത്തിയിരുന്നു.