പത്തനംതിട്ട: പറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന ചക്കയും മാങ്ങയും നാട്ടിലെ പതിവ് കാഴ്ചയായിരുന്നു.
ആറന്മുളയില് നിന്നും കടല്‍ കടക്കുന്ന പലഹാരങ്ങളും പച്ചക്കറികളുമോടൊപ്പം ഇന്നിപ്പോള്‍ ചക്കയും പലഹാരമായി പ്രവാസികളുടെ പക്കലുമെത്തുന്നുണ്ട്.
രാവിലെ പുട്ടും കടലയും കഴിക്കാനാഗ്രഹിക്കുന്ന പ്രവാസിക്ക് മുന്നിലേക്ക് വിഭവമായി ചക്ക എത്തുമ്പോള്‍ സന്തോഷം ഇരട്ടിയാകും.
ഉച്ചയൂണിന് മെഴുക്കുപുരട്ടിയായോ തോരനായോ ചക്കക്കുരു എത്തിയാല്‍ അതിലും സന്തോഷ്. നാരങ്ങാനത്ത് വയനാട് എക്സ്പോര്‍ട്ട് യൂണിറ്റ് ഈ രംഗത്ത് പുതിയ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്.
ചക്കക്കുരു തൊലി കളഞ്ഞ് വിദേശത്തേക്ക് അയക്കാന്‍ പാകത്തിലാക്കുന്ന ജോലിയാണ് യൂണിറ്റില്‍ നടക്കുന്നത്.
യുകെ, യുഎസ്, ജര്‍മനി, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് ഇവ കയറ്റിയയക്കുന്നത്. സ്ത്രീ തൊഴിലാളികളാണ് ജോലിയെടുക്കുന്നത്.
ഇവര്‍ക്ക് വരുമാന മാര്ഗമാകുന്നുവെന്നതും പ്രത്യേകതയാണ്. 25 വര്‍ഷമായി ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.
ഇതുകൂടാതെ നാടന്‍ അവിയലും സാമ്പാറും പുട്ടും പൊറോട്ടയും കുമ്പളപ്പവും എല്ലാം കയറ്റുമതി ചെയ്യാന്‍ കഴിയുന്ന രീതിയില്‍ യൂണിറ്റ് തയാറാക്കുന്നുണ്ട്.
ചക്കക്കുരുവും കൂര്‍ക്കയും തൊലി കളയാനും ബുദ്ധിമുട്ടേണ്ട. പാചകം ചെയ്യാന്‍ പാകത്തില്‍ അതെങ്ങെത്തും. ഇത്തരം ഒരു യൂണിറ്റ് നാരങ്ങാനത്തു വന്നതില്‍ പ്രാദേശിക കര്‍ഷകര്‍ക്കും സന്തോഷമായി.
റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭവങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. 200 വിഭവങ്ങള്‍ ഇതിലുണ്ട്. ചേനയും കപ്പയും ഉള്‍പ്പെടെയുള്ളവ പ്രാദേശിക കര്‍ഷകരില്‍ നിനനാണ് ശേഖരിക്കുന്നത്.
കാന്താരി കിലോയ്ക്ക് 250 രൂപ നിരക്കിലാണ് വാങ്ങുന്നത്. തമിഴ്നാട്ടില്‍ നിന്നും പച്ചക്കറികള്‍ വാങ്ങുന്നുണ്ട്.
സൂസന് ഷാജിയുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. സിറ്റിംഗ് എംഎല്‍എയും ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ വീണാ ജോര്‍ജ് ഇന്നലെ യൂണിറ്റിലെത്തി.
വോട്ട് അഭ്യര്‍ഥിച്ചാണ് വീണാ ജോര്‍ജ് എത്തിയതെങ്കിലും നമ്മുടെ നാടന്‍ ഉത്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ചായിരുന്നു ചര്‍ച്ച.
യൂണിറ്റ് ഉടമ സൂസന് ഷാജിയും തൊഴിലാളികളും എംഎല്‍എയോടു വിശദമായ കാര്യങ്ങള്‍ പറഞ്ഞു. നാടന്‍ വിഭവങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കുമുള്ള കയറ്റുമതി സാധ്യതകള്‍ പഠനവിധേയമാക്കി പദ്ധതികള്‍ വേണമെന്നതായിരുന്നു അവരുടെ ആവശ്യം.
അടുത്ത ഒരു അവസരം തന്നാല്‍ മുന്‍ഗണന നല്കുന്ന വിഷയങ്ങളിലൊന്നാകും ഇതെന്ന് ഉറപ്പു നല്‍കിയാണ് വീണാ ജോര്‍ജ് മടങ്ങിയത്.