കോട്ടയം: സി.കെ. ആശ എംഎൽഎയ്ക്കും ടൂറിസം ഡെപ്യൂട്ടി ഡയറക്ടറായ ജി. ശ്രീകുമാറിനുമെതിരേ വൈക്കം നഗരസഭ.
വൈക്കം നഗരസഭയുടെ കൈവശമുള്ള കായലോര ബീച്ചിൽ നഗരസഭയുടെ അനുമതിയില്ലാതെ ടൂറിസത്തിന്റെ പേരിൽ ഒന്‍പതു കോടി രൂപ ചെലവിൽ കോണ്‍ക്രീറ്റ് കൂടാരം നിർമിക്കുന്നതിനെതിരെയാണ് നഗരസഭ ചെയർപേഴ്സണ്‍ രേണുക രതീഷും വൈസ് ചെയർമാൻ പി. ടി. സുഭാഷും രംഗത്തെത്തിയിരിക്കുന്നത്.
നഗരസഭ ഉത്തരവാദിത്ത ടൂറിസം മിഷന് സമർപ്പിച്ച പദ്ധതി അട്ടിമറിച്ച് എംഎൽഎയും ടൂറിസം ഡെപ്യൂട്ടി ഡയറക്ടറും ചില സ്വകാര്യ ആർക്കിടെക്ടുമാരായി ചേർന്ന് നടത്തുന്ന നീക്കം അംഗീകരിക്കാനാവില്ലെന്ന് ചെയർപേഴ്സണും വൈസ് ചെയർമാനും വ്യക്തമാക്കിയതോടെയാണ് നഗരസഭ എംഎൽഎ പോര് മറനീക്കി പുറത്ത് വന്നത്.
ഇതിനു പുറമേ നഗരസഭാ കൗണ്‍സിലിലെ സിപിഐ കൗണ്സിലർമാരൊഴികെ അടിയന്തര കൗണ്‍സിൽ യോഗത്തിൽ ഒറ്റക്കെട്ടായി ചെയർപേഴ്സണിനു പിന്നിൽ അണിനിരക്കുകയും ചെയ്തു.
ജനപങ്കാളിത്തത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിലും മാതൃക സൃഷ്ടിച്ച വൈക്കത്ത് ജനപങ്കാളിത്തവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും പാരിസ്ഥിതിക സംരക്ഷണമെന്ന ഉത്തരവാദിത്ത ടൂറിസം ആശയവും കാറ്റിൽപ്പറത്തിയാണ് എംഎൽഎ തന്നിഷ്ടപ്രകാരം നഗരസഭയുടെ സ്ഥലത്ത് തീരദേശ സംരക്ഷണനിയമങ്ങൾ കാറ്റിൽപ്പറത്തി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.
സി.കെ.ആശ എംഎൽഎയും ടൂറിസം ഡെപ്യൂട്ടി ഡയറക്ടറായ ജി. ശ്രീകുമാറും ചേർന്നു സിപിഐ നേതാക്കളെ മാത്രം ചേർത്ത് പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തി. സന്ദർശനത്തിന്റെ വിവരം മുനിസിപ്പൽ ചെയർപേഴ്സണ്‍, വൈസ് ചെയർമാൻ എന്നിവരെ അറിയിച്ചില്ല.
തുടർന്നാണ് അടിയന്തര നഗരസഭാ കൗണ്‍സിൽ യോഗം സംസ്ഥാന സർക്കാരിനും ടൂറിസം വകുപ്പ് മന്ത്രിക്കും പരാതി നൽകാൻ തീരുമാനിച്ചത്.മുന്‍പു നഗരസഭയുടെ അനുമതിയില്ലാതെ എംഎൽഎ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ മുടക്കി ടൂറിസത്തിന്റെ പേരിൽ വെയ്റ്റിംഗ് ഷെഡ് നിർമിച്ചതും പിന്നീട് അതിൽ ചായക്കട തുടങ്ങാൻ അനുമതി നൽകിയതും വിവാദമായിരുന്നു.
ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരെ പരസ്യമായി ഫേസ് ബുക്ക് പോസ്റ്റിലൂടെ എംഎൽഎ അധിക്ഷേപിച്ചതും ചർച്ചയായിരുന്നു.സി.കെ. ആശ എംഎൽഎയുമായി ബന്ധപ്പെട്ടു മുന്‍പു നിരവധി പരാതികൾ ഉയർന്നിരുന്നു.
വൈക്കത്ത് മുന്‍പുണ്ടായിരുന്ന വനിതാ എസ്ഐ സല്യൂട്ടടിച്ചില്ലെന്ന പേരിൽ മേലധികാരികൾക്ക് പരാതി നൽകി വീട്ടിൽ വിളിച്ച് വരുത്തിയതും സർക്കാരാശുപത്രിയിലെ വനിതാ ഡോക്ടറെ പരസ്യമായി അധിക്ഷേപിച്ചതും പിഡബ്ല്യുഡി വനിതാ എൻജിനിയറെ പരസ്യമായി ആക്ഷേപിച്ചും വലിയ ചർച്ചയായിരുന്നു.