കോട്ടയം: ജില്ലയിലെ ഉറച്ച കോട്ടയായ വൈക്കത്ത് ഇത്തവണ ഇടതു മുന്നണിയുടെ സ്ഥാനാർഥിനിർണയം വെല്ലുവിളിയാകുന്നു. ഒന്നിലേറെ പേർ സീറ്റിനായി അവകാശവാദമുന്നയിച്ചു രംഗത്തെത്തിയതോടെ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായെന്നു സീറ്റ് നാളുകളായി കൈവശം വച്ചു പോരുന്ന സിപിഐ വൃത്തങ്ങൾ തന്നെ പറയുന്നു. സിറ്റിംഗ് എംഎല്‍എ സി.
കെ. ആശയുടെ പേരാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍, പാര്‍ട്ടിയിലെ ഒരു വിഭാഗവും യുവജന സംഘടനയായ എഐവൈഎഫും മറ്റു ചിലരെ പിന്തുണച്ചു രംഗത്തെത്തിയതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം കുഴങ്ങിയത്.
സി.കെ. ആശയ്ക്കു പുറമേ, കഴിഞ്ഞ തവണ പട്ടികയില്‍ പേരുണ്ടായിരുന്ന എഐവൈഎഫ് ജില്ലാ സെക്രട്ടറി പി. പ്രദീപ്, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.അനില്‍കുമാര്‍ എന്നിവരും സാധ്യതാപട്ടികയിലുണ്ട്. മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നവരെന്ന പരിഗണന നൽകി പി. പ്രദീപ്, കെ.അനില്‍ കുമാര്‍ എന്നിവരിൽ ആർക്കെങ്കിലും മുന്‍തൂക്കം നല്‍കണമെന്നാണ് എഐവൈഎഫിന്റെ ആവശ്യം.
ഇതു ജില്ലാ, സംസ്ഥാന കൗണ്‍സിലുകള്‍ അംഗീകരിച്ചാല്‍ സി.കെ. ആശയ്ക്കു കാര്യങ്ങള്‍ കടുപ്പമാകും. സിപിഐ ജില്ലാ നേതൃത്വത്തിലുള്ള ചിലരുടെ പിന്തുണയോടെയാണ് പി. പ്രദീപിനെ പിന്തുണയ്ക്കുന്നവരുടെ നീക്കമെന്നും ആക്ഷേപം ഉണ്ട്.
2018ലെ പ്രളയത്തിന്റെ ആദ്യഘട്ടത്തിലെ എംഎൽഎയുടെ ഇടപെടൽ വേണ്ടത്ര ഫലപ്രദമായിരുന്നില്ലെന്ന ആക്ഷേപമാണ് ആശയെ വെട്ടാൻ എതിർപക്ഷം ഉയർത്തുന്നത്.
പ്രളയ ശേഷം എഐവൈഎഫിന്റെ കൂടി ഇടപെടലിന് ശേഷമാണ് നഷ്ടപരിഹാരം സംബന്ധിച്ചു നിയമസഭയില്‍ സബ്മിഷന് ഉന്നയിക്കാന്‍ എംഎല്‍എ തയാറായതെന്നും ഇവർ അവകാശപ്പെടുന്നു. അതേസമയം, ആശയെ ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പഴയ ആരോപണങ്ങൾ പൊടിതട്ടിക്കൊണ്ടു വരുന്നതെന്നാണ് മറുപക്ഷം പറയുന്നത്.
ഭേദപ്പെട്ട രീതിയിൽ എംഎൽഎ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മുൻ എംഎൽഎയും നിലവിൽ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ കെ. അജിത് കൂടി സീറ്റിനായി അവകാശ വാദമുന്നയിച്ചാൽ കാര്യങ്ങൾ കൂടുതൽ കടുപ്പമാകും. അതേസമയം, വൈക്കം സീറ്റിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ചു പുറത്തു വരുന്ന വാർത്തകളോടു പാർട്ടി നേതാക്കളാരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.