പെരുങ്കടവിള: കഴിഞ്ഞ ശനിയാഴ്ച മാരായമുട്ടത്തെ ക്വാറി അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി മാരായമുട്ടം ജംഗ്ഷനിൽ നടന്ന നാട്ടുകാരുടെ ഉപരോധ സമരത്തിനിടെ പാറശാല എംഎൽഎ സി.കെ ഹരീന്ദ്രൻ ഡെപ്യൂട്ടി കളക്ടർ എസ്.കെ വിജയക്കെതിരേ നടത്തിയ രോഷ പ്രകടനം വിവാദമായി.
കളക്ടറേറ്റിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ മുൻ ധാരണ പ്രകാരമാണ് എംഎൽഎയും ഡെപ്യൂട്ടി കളക്ടറും സമരമുഖത്ത് എത്തിയതെങ്കിലും സർക്കാരിന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഡെപ്യൂട്ടി കളക്ടർ നടത്തിയ പ്രഖ്യാപനമാണ് എംഎൽഎയെ ചൊടിപ്പിച്ചത്. മരിച്ചവർക്കും പരിക്കേറ്റവർക്കും നൽകുന്ന ഒരു ലക്ഷം രൂപ ധനസഹായം ക്വാറി ഉടമകളിൽ നിന്ന് വാങ്ങിയാണ് നൽകുന്നതെന്ന ഡെപ്യൂട്ടി കളക്ടറുടെ പരാമർശമാണ് എംഎൽഎയെ രോഷാകുലനാക്കിയ്. തന്റെ നിലപാടിൽ താൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നതായും താൻ സ്ത്രികളെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും , താൻ ജനങ്ങൾക്ക് വേണ്ടിയാണ് സമരമുഖത്ത് സംസാരിച്ചതെന്നും എംഎൽഎ വിശദീകരിച്ചു.
“ഒരു ലക്ഷം രൂപ വാങ്ങിച്ചു കൊടുക്കാമെന്നു പറയാൻ നീയാരാ? നിനക്ക് എന്നെ അറിയി്ലല, ആരാടീ നിന്നെ ഇവിടെ കൊണ്ടു വച്ചത്. ഇതു നാട്ടുകാർ കൈകാര്യം ചെയ്യും.” എന്നെല്ലാം എംഎൽഎ കയർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. എംഎൽഎയുടെ പെരുമാറ്റം തന്നെ വിഷമിപ്പിച്ച തായി ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.