കണ്ണൂർ: എന്‍ഡിഎയിൽ ചേരാൻ സി.കെ. ജാനു പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് ശബ്ദരേഖ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്ട് പുറത്തുവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായി ജാനു നടത്തിയ സംഭാഷണമെന്നാണ് ആക്ഷേപം.
സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കെ. സുരേന്ദ്രന് നല്‍കിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തൽ. 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.
കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ സി.കെ. ജാനുവിന്റെ ആവശ്യം കെ.സുരേന്ദ്രന് അംഗീകരിച്ചിരുന്നില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.
വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് ആറിന് തിരുവനന്തപുരത്ത് വച്ചാണ് കെ.സുരേന്ദ്രൻ ജാനുവിന് പണം നൽകിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്.
പണം കിട്ടിയതോടെയാണ് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്. സുരേന്ദ്രൻ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനല്ലെന്നും വ്യക്തിപരമായാണ് നൽകിയതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
തലപോയാലും താമര ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്കു മാറ്റിയതെന്നും പ്രസീത ആരോപിക്കുന്നു.
ബത്തേരിയിൽ മാത്രം ഒന്നേമുക്കാൽ കോടി രൂപ തെരഞ്ഞെടുപ്പിനെന്ന് പറഞ്ഞ് ഒഴുക്കിയെന്നാണ് വിവരം. പാർട്ടി പ്രവർത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണെന്നും പ്രസീത പറഞ്ഞു.