നവാസ് മേത്തർ
തലശേരി: ജനതാദൾ എസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും സി.കെ. നാണു എംഎൽ എയെ പുകച്ച് പുറത്ത് ചാടിച്ചതിനു പിന്നിൽ കൊച്ചിയിലെ പ്രമുഖ നിർമാണ കമ്പനി.
മൂവാറ്റുപുഴ സ്വദേശികൾ നേതൃത്വം നൽകുന്ന ഈ കമ്പനിക്ക് ജലസേചന വകുപ്പിൽ നിന്ന് ലഭിച്ച 1500 കോടിയുടെ ഗ്രൗണ്ട് വാട്ടർ കരാർ ഇടപാടുകൾ സംബന്ധിച്ച അഴിമതി ചോദ്യം ചെയ്തതാണ് സി.കെ. നാണുവിന്റെ പ്രസിഡന്റ് സ്ഥാനം തെറിച്ചതിന്റെ
പിന്നിലെ യഥാർഥ കാരണമെന്നും ഈ അഴിമതി സംബന്ധിച്ച രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും സി.കെ നാണു പക്ഷത്തെ പ്രമുഖ നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു.
കടുത്ത ഭിന്നതയിൽ നിന്നിരുന്ന മുൻ മന്ത്രിയും ഇപ്പോഴത്തെ പ്രസിഡന്റുമായ മാത്യു ടി.തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും തമ്മിലുള്ള ഭിന്നത പറഞ്ഞു തീർത്തതും ഈ നിർമാണ കമ്പനിയാണ്.
അഴിമതി രഹിതനായ സി.കെ. നാണുവിനെ പ്രസിഡന്റ് സ്ഥാനത്ത് നീക്കിയതിലൂടെ ജലസേചന വകുപ്പിൽ വൻ അഴിമതി നടത്താനാണ് ഈ സംഘം ലക്ഷ്യമിടുന്നതന്നും സി.കെ നാണു അനുകൂലികൾ പറയുന്നു.
മൂവായിരം കോടി രൂപയുടെ മറ്റൊരു അഴിമതിയുടെ രേഖകളുമുൾപ്പെടെ മുഖ്യമന്ത്രിയെ കാണാൻ ഇന്നലെ തിരുവനന്തപുരത്തെത്തിയ സി.കെ. നാണു എംഎൽഎ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്നും അവസാന നിമിഷം പിന്മാറി.
ഡൽഹിയിൽ നിന്നും എ.കെ. ആന്റണിയുടെ ഇടപെടലാണ് സി.കെ. നാണു – പിണറായി കൂടിക്കാഴ്ച തൽക്കാലം ഒഴിവാക്കിയതിനു പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. പുതിയ ചില രാഷ്ട്രീയ സാഹചര്യം ഉടലെടുക്കുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.
കൂടെ കൂട്ടാൻ കോൺഗ്രസ്
ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന രണ്ട് ജനതാദളും പിളർപ്പിലേക്ക് എത്തിക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. രണ്ട് പാർട്ടികളിലേയും ഒരു വിഭാഗം നേതാക്കൾ മുൻ കയ്യെടുത്ത് പുതിയ ജനതാദളിന് രൂപം നൽകാനാണ് ശ്രമം.
കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും ഈ നീക്കങ്ങൾക്ക് കരുത്തു പകരാൻ സജീവമാണെന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
അപ്രതീക്ഷിതമായി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട വടകര എംഎൽഎ സി.കെ. നാണുവിന്റെ നേതൃത്വത്തിൽ ജനതാദൾ എസിലെ പത്ത് ജില്ലാ പ്രസിഡന്റുമാർ പുതിയ ജനതാദൾ എന്ന ആശയത്തിലാണുള്ളത്.
ജനതാദൾ എസ് കർണാടകയിൽ ബിജെപിയുമായ ഒന്നിക്കാനുള്ള നീക്കം ആരംഭിച്ചതും സി.കെ. നാണുവിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതുമാണ് ജനതാദൾ എസിനെ പിളർപ്പിന്റെ വക്കിലെത്തിച്ചിട്ടുള്ളത്.
മുൻ മന്ത്രി കെ.പി മോഹനനും ഷെയ്ക് പി.ഹാരിസും ഉൾപ്പെടെയുള്ള ലോക് താന്ത്രിക് ജനതാദൾ നേതാക്കളും യുഡിഎഫ് പ്രവേശനമാണ് ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
തങ്ങളുടെ പക്ഷത്തെത്തിയാൽ നിയമസഭയിലേക്ക് മൽസരിക്കാൻ ചങ്ങനാശേരി, കൂത്തുപറമ്പ്, കായംകുളം, വടകര, കൽപ്പറ്റ തുടങ്ങി പത്ത് സീറ്റ് നൽകാമെന്നാണ് യുഡിഎഫ് പുതുതായി രൂപം കൊള്ളുന്ന ജനതാദളിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജോസ് കെ.മാണി വിഭാഗത്തിന്റെ പത്ത് സീറ്റും ജനതാദൾ എസ് മൽസരിച്ച ഏഴ് സീറ്റും യുഡിഎഫിന്റെ കൈയിലുണ്ട്.