കണ്ണൂർ : 1991 ലെ കോൺഗ്രസ്-ലീഗ്- ബിജെപി ബന്ധത്തിന് ശേഷം 2001 ലും കോൺഗ്രസ് വോട്ട് ധാരണയ്ക്ക് വന്നതായി ബിജെപി നേതാവ് സി.കെ. പത്മനാഭൻ. കാസർഗോഡ് വച്ച് നടന്ന ചർച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും എത്തിയിരുന്നു.
താനും പി.പി. മുകുന്ദനും വേദപ്രകാശ് ഗോയലും ചർച്ചയിൽ പങ്കെടുത്തുവെന്നും സി.കെ. പദ്മനാഭൻ സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തി.
“കോൺഗ്രസുകാർ ബിജെപി വോട്ടുകൾക്കായി ശ്രമം നടത്താറുണ്ട്. 1991 ൽ താൻ കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു.
മാരാർജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റിൽ സ്ഥാനാർഥിയായിരുന്നു. അന്ന് കോൺഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് വിവരം കിട്ടി. അപ്പോൾ മാരാർജി ജയിക്കും.
ഞങ്ങൾക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങൾ എല്ലാം മാറി. സത്യത്തിൽ പറ്റിക്കുകയായിരുന്നു. കോൺഗ്രസ് ഒരു മാരീചനാണ്.
കോൺഗ്രസിന് ബിജെപിയെ സ്വാധീനിക്കാൻ കഴിയുന്ന കാലം കഴിഞ്ഞു’. 2001 ലെ തെരഞ്ഞെടുപ്പിൽ താൻ മഞ്ചേശ്വരത്ത് സ്ഥാനാർഥിയാണെന്നും അന്ന് കോൺഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നെന്നും സി.കെ.പി പറഞ്ഞു.
മാണി, കുഞ്ഞാലിക്കുട്ടി, പി.പി മുകുന്ദൻ, ബിജെപിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയൽ എന്നിവർ യോഗം ചേർന്നു. സിപിഎം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യം.
കോൺഗ്രസിനും ലീഗിനും വോട്ട് വേണമായിരുന്നു. ഇങ്ങനെ സമീപിക്കുന്നതിൽ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. എന്നാൽ ന്യൂനപക്ഷ വോട്ടുകൾക്കായി ബിജെപിയെ തള്ളിപ്പറയുകയും ചെയ്യും.
പഴയ തട്ടിപ്പുമായി വന്നാൽ അതിൽ വീഴുന്നവരല്ല ബിജെപിയെന്ന് അവർക്ക് ഇപ്പോൾ മനസിലായിക്കാണുമെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.