കാസർഗോഡ്: മറ്റു പാർട്ടികളിൽനിന്നെത്തുന്നവർക്ക് അമിത പ്രാധാന്യം നല്കുന്നതിൽ സംസ്ഥാന ബിജെപിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവരുന്നു. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിനായി ഏറെക്കാലം പ്രയത്നിച്ചതുപോലെ ഇനി കോൺഗ്രസ് മുക്ത ബിജെപിക്കു വേണ്ടിയും പ്രയത്നിക്കേണ്ടിവരുമെന്ന് മുതിർന്ന നേതാവ് സി.കെ. പദ്മനാഭൻ പറഞ്ഞു. ഇന്നലെ സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രസ്താവന.
കഴിഞ്ഞദിവസം എൻഡിഎ കാസർഗോഡ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിൽ പദ്മജ വേണുഗോപാലിനെ ഉദ്ഘാടകയാക്കിയതിനെത്തുടർന്ന് വേദിയിലുണ്ടായിരുന്ന സി.കെ. പദ്മനാഭൻ നിലവിളക്ക് കൊളുത്തുന്നതിൽ പങ്കെടുക്കാതെ മാറിനിന്നിരുന്നു.
ബിജെപി ദേശീയ സമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ പദ്മനാഭനെ വേദിയിലിരുത്തി പത്മജയെ ഉദ്ഘാടകയാക്കിയതിൽ ഒരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്നും അതൃപ്തി ഉയർന്നിരുന്നു. ഉദ്ഘാടനച്ചടങ്ങ് നടക്കുമ്പോൾ കസേരയിൽനിന്ന് എഴുന്നേല്ക്കാതിരുന്ന സി.കെ. പദ്മനാഭൻ പിന്നീട് പദ്മജയുടെ പ്രസംഗം തീരുന്നതിനുമുമ്പ് വേദി വിടുകയും ചെയ്തു.
ബിജെപി എന്ന സംഘടനയ്ക്ക് ചില അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അത് ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സികെപി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ചില ആളുകൾ മറ്റു പാർട്ടികൾ വിട്ട് ബിജെപിയിലേക്ക് വരുന്നത്.
ഇങ്ങനെ വരുന്നവർക്ക് പാർട്ടിയിൽ എന്തു സ്ഥാനമാണു നൽകേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്. ത്യാഗപൂർണമായി പ്രവർത്തിച്ചവരെ മറന്ന് വേറെ പാർട്ടിയിൽനിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങൾ നല്കുന്നതിൽ പ്രവർത്തകർക്കു തന്നെ അമർഷമുണ്ടെന്നും സികെപി പറഞ്ഞു.
തനിക്ക് അധികാരമോഹങ്ങളൊന്നുമില്ല. സ്ഥാനങ്ങൾക്കുവേണ്ടി മത്സരിക്കുന്ന പ്രായം പിന്നിട്ടയാളാണ് താൻ. പക്ഷേ ഒന്നും കിട്ടാനില്ലാതിരുന്ന കാലത്തും പ്രസ്ഥാനത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ചവരെ വീണ്ടും കാഴ്ചക്കാരാക്കി മറ്റിടങ്ങളിൽനിന്നു വന്നവർ എല്ലാം കൈയടക്കുന്ന പ്രവണത ദുഃഖകരമാണ്.
മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നത് അധികാരാധിഷ്ഠിത രാഷ്ട്രീയം എന്നതിലേക്കു മാറിയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വയെ പോലും വ്യാഖ്യാനിച്ച് വഷളാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ സികെപി പറഞ്ഞു.