ചാലക്കുടി: മത്സ്യസംസ്കരണ വിപണന മേഖല രാസവസ്തുക്കളുടെ അമിത ഉപയോഗത്താൽ വിഷമയമാകുന്നതിനെ പ്രതിരോധിക്കാൻ നൂതന സാങ്കേതികവിദ്യയുമായി കൊരട്ടി ഗവ. ഇൻസ്ട്രുമെന്റേഷൻ വിദ്യാർഥികൾ.
കേരളതീരത്ത് മത്സ്യലഭ്യതയിൽ ഉണ്ടായിട്ടുള്ള വൻ ഇടിവും ഓഖി ചുഴലിക്കാറ്റിന്റെ പ്രത്യാഘാതവുംമൂലം മറുനാടൻ മത്സ്യത്തിന്റെ കേരളത്തിലേക്കുള്ള വരവ് വർധിക്കുന്ന സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയ്ക്കു പ്രാധാന്യമേറുന്നത്.
വിഷരഹിതവും മാലിന്യവിമുക്തവുമായ ഐസ് സംസ്കരണം സാധ്യമാക്കുന്ന തരത്തിലുള്ള പദ്ധതിയാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്.
ഐസ് നിർമിക്കുന്നതിനാവശ്യമായ ജലത്തിലെ ഘടകങ്ങൾ പരിശോധിച്ച് ശുദ്ധജലമാണെങ്കിൽ മാത്രം കടത്തിവിടുന്ന സംവിധാനമാണ് ഇതിന്റെ സവിശേഷത. കൂടാതെ താപനിലയിലുള്ള വ്യത്യാസം മുഖേന ഉണ്ടാകുന്ന വൈദ്യുതിനഷ്ടം പരിഹരിക്കുവാനും മാർഗമുണ്ട്. ഇവയെ ആൻഡ്രോയ്ഡ് ഫോൺ വഴി നിയന്ത്രിക്കാം.
ഈ സിസ്റ്റത്തിലൂടെ ശുദ്ധമായ ഐസ് ലഭിക്കുന്നതോടൊപ്പം അമോണിയ വിഷബാധയിൽനിന്നും രക്ഷനേടാനും കഴിയും.
അമൽ ദിലീപ്, പി.എം.ആഷിക്, കെ.എം.വിപിൻ, പി.എസ്.അനീഷ്, പി.ജി.ഡയ്ജോ, കെ.എസ്. ആകാഷി എന്നിവരാണ് പ്രോജക്ട് അവതരിപ്പിച്ചത്. പാലക്കാട് പോളിടെക്നിക്ക് സംഘടിപ്പിച്ച ആൾ കേരള എക്സ്പോ – ടെക്നോവയിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രൊജക്റ്റായി ഇതിനെ തെരഞ്ഞെടുത്തു.