ഇതായിരിക്കണം ഒരു ജനപ്രതിനിധി, അതെ ഇദ്ദേഹമാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്! വയനാട് എംഎല്‍എ സി. കെ. ശശീന്ദ്രനെക്കുറിച്ച് അധികമാര്‍ക്കുമറിയാത്ത വിവരങ്ങള്‍; കണ്ടിട്ടുണ്ടോ ഇങ്ങനെയൊരു എംഎല്‍എയെ

കേരളത്തിലെ ഒരു എംഎല്‍എ എന്നു പറയുമ്പോള്‍ മനസില്‍ വരുന്ന ചിത്രം സ്‌റ്റേറ്റ് കാറില്‍ അലക്കിത്തേച്ച തൂവെള്ള വസ്ത്രവുമിട്ട് തലങ്ങും വിലങ്ങും പായുന്നവരെന്നാണ്. എന്നാല്‍ കേരളത്തിന്റെ അങ്ങേയറ്റത്ത്, വയനാട്ടില്‍ ഒരു എംഎല്‍എയുണ്ട്. മേല്‍പ്പറഞ്ഞ രീതിയില്‍ വളരെ വിരളമായി മാത്രമേ അദ്ദേഹത്തെ കാണാനൊക്കൂ. വയനാട് എംഎല്‍എ സി കെ ശശീന്ദ്രന്റെ കാര്യമാണ് പറയുന്നത്.

ടെക്ട്രാവല്‍ഈറ്റ് എന്ന ബ്ലോഗ് പേജിന്റെ ഉടമയായ സുചിത് ഭക്തന്‍ എന്ന ബ്ലോഗറാണിപ്പോള്‍ സി കെ ശശീന്ദ്രനെക്കുറിച്ച് അധികമാര്‍ക്കുമറിയാത്ത വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

സി കെ ശശീന്ദ്രന്‍ എന്ന പേരിനൊപ്പം ‘സാധാരണക്കാരില്‍ സാധാരണക്കാരന്‍’ എന്ന പ്രയോഗവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മണ്ണിന്റെ മണമുള്ള ഒരു കര്‍ഷകന്റെ ശബ്ദമാണ് സി കെ ശശീന്ദ്രന്‍ എന്ന വയനാടിന്റെ സ്വന്തം ശശിയേട്ടന്. ശശിയേട്ടനെ വ്യത്യസ്തനാക്കുന്നത് ആ ശബ്ദമാണ്. നഗ്‌നപാദനായി നിലത്ത് കാലുറപ്പിച്ച് നടക്കുന്ന, പശുവിനെ കറന്ന് പാല്‍ അളന്ന് ജീവിക്കുന്ന സാധാരണക്കാരന്‍ എന്ന ഇമേജ് തന്നെയാണ് കല്പറ്റയിലെ ജനങ്ങളുടെ മനസ്സില്‍ ശശീന്ദ്രനുള്ളത്.

ജയിച്ച് എംഎല്‍എ ആയശേഷം സത്യപ്രതിജ്ഞ ചെയ്യുവാനായി അദ്ദേഹം വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ കയറി തിരുവനന്തപുരത്ത് വന്ന സംഭവം അന്ന് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വാര്‍ത്തകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഇദ്ദേഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കാണണം എന്നത്.

കഴിഞ്ഞ തവണ വയനാട്ടിലേക്ക് യാത്ര പോയപ്പോള്‍ സുഹൃത്തായ ഹൈനാസ് ഇക്കയോട് കാര്യം അവതരിപ്പിച്ചു. അപ്പോഴല്ലേ അറിയുന്നത് ഹൈനാസ് ഇക്കയുടെ സഹോദരന് ശശീന്ദ്രനുമായി നല്ല പരിചയമുണ്ട്. പിന്നെ ഒന്നും പറയാനില്ലല്ലോ. അങ്ങനെ ഞങ്ങള്‍ രാവിലെ ആറുമണിയോടെ സികെ ശശീന്ദ്രന്‍ എംഎല്‍എയുടെ വീട്ടിലേക്ക് യാത്രയായി.

വയനാട്ടിലെ പിണങ്ങോടിനു സമീപത്താണ് ഇദ്ദേഹത്തിന്റെ വീട്. വയനാടന്‍ ഗ്രാമീണ റോഡിലൂടെയുള്ള യാത്രയ്ക്ക് ശേഷം ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം അപ്പോള്‍ പശുവിനെ കറന്നു പാല്‍ അളക്കുന്ന നേരം ആയിരുന്നു. സത്യത്തില്‍ ഇദ്ദേഹത്തിന്റെ എളിമയാര്‍ന്ന ജീവിതത്തെക്കുറിച്ച് കേട്ടിരുന്നുവെങ്കിലും നേരിട്ടു കണ്ടപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി.

ഇത്രയും ഉയര്‍ന്ന പദവിയിലിരിക്കുന്നയാളായിട്ടും ലവലേശം തലക്കനം തൊട്ടു തീണ്ടിയിട്ടില്ലാത്ത വ്യക്തിത്വം. മറ്റുള്ളവര്‍ക്ക് ഇദ്ദേഹം ശശീന്ദ്രന്‍ ആണെങ്കിലും വയനാട്ടുകാര്‍ക്ക് തങ്ങളുടെ സ്വന്തം ശശിയേട്ടനാണ്. പരിചയപ്പെടുന്നതിനിടെ ഞാന്‍ സാര്‍ എന്ന് വിളിച്ചപ്പോള്‍ എന്നെ സ്‌നേഹത്തോടെ തിരുത്തിയ ആ എളിമയ്ക്ക് മുന്നില്‍ ഞാനും ശശിയേട്ടന്‍ എന്നു വിളിച്ചു തുടങ്ങി.

കുറച്ചു സമയത്തിനു ശേഷം അദ്ദേഹത്തിന് പാലക്കാട് പോകേണ്ടതാണ്. അതുകൊണ്ടാണ് ഞങ്ങള്‍ അതിരാവിലെ തന്നെ അദ്ദേഹത്തെ കാണുവാനായി പോയതും. പരിചയപ്പെടലുകള്‍ക്കു ശേഷം ശശിയേട്ടന്‍ ഞങ്ങളെ തൊടിയിലെ കാഴ്ചകള്‍ കാണുവാനായി ക്ഷണിച്ചു. മഞ്ഞുവീണ തൊടിയിലൂടെ നടക്കുന്നതിനിടയില്‍ ഞങ്ങള്‍ പല കാര്യങ്ങളും സംസാരിച്ചു. കൂടുതലും വയനാടിനെക്കുറിച്ച് ആയിരുന്നു.

”കാപ്പിയാണ് വയനാട്ടില്‍ ഏറ്റവും കൂടുതലുള്ള കൃഷി. എന്നാല്‍ കാപ്പി കമ്പനികള്‍ എല്ലാംതന്നെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലാണ് ഉള്ളത്. കാലാനുസരണം കാപ്പിപ്പൊടിയുടെ വില വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഗുണമൊന്നും വയനാട്ടിലെ കര്‍ഷകന് ലഭിക്കുന്നില്ല.

അതിന് മാറ്റമുണ്ടാകണം. അതിനായി പഞ്ചായത്തുകള്‍തോറും കര്‍ഷകരെ സംഘടിപ്പിച്ച് കൊണ്ട് ഒരു ആധുനിക വ്യവസായം ഉണ്ടാക്കാന്‍ പദ്ധതിയുണ്ട്. ചെറുപ്പക്കാര്‍ക്ക് കൂടി ജോലി ലഭിക്കുന്ന രീതിയിലാകും ഇത് നടപ്പിലാക്കുക. വയനാട്ടിലെ ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.” അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ടൂറിസം സംബന്ധിച്ച് നേട്ടങ്ങളും പോരായ്മകളും ചൂണ്ടിക്കാട്ടിയ അദ്ദേഹം പല പദ്ധതികളെക്കുറിച്ചും വാചാലനായി.

അദ്ദേഹത്തിന്റെ വീട്ടില്‍ പശുക്കള്‍, കോഴികള്‍ തുടങ്ങി വിവിധയിനം പക്ഷിമൃഗാദികളുണ്ട്. ഇവയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നതിന് ഈ തിരക്കുകള്‍ക്കിടയിലും ശശിയേട്ടന്‍ സമയം കണ്ടെത്താറുണ്ട്. ശശിയേട്ടന്റെ മറ്റൊരു പ്രത്യേകതയെന്തെന്നാല്‍ അദ്ദേഹം ചെരുപ്പ് ഉപയോഗിക്കാറില്ല എന്നതാണ്. എവിടെയും നഗ്‌നപാദനായി മാത്രമേ പോകുകയുള്ളൂ. മണ്ണിന്റെ മണമുള്ള സമൂഹത്തില്‍ വളര്‍ന്നതുകൊണ്ട് ചെറുപ്പം മുതലുള്ള ശീലമാണ്.

തിരക്കുകള്‍ക്കിടയിലും ഏകദേശം മുക്കാല്‍ മണിക്കൂറോളം ശശിയേട്ടന്‍ ഞങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചു. ഇറങ്ങുന്നതിനു മുന്‍പ് സ്വന്തം കൈകൊണ്ട് നല്ല അസ്സല്‍ കാപ്പി കൂടി നല്കിയിട്ടാണ് അദ്ദേഹം ഞങ്ങളെ യാത്രയാക്കിയത്.

ശശിയേട്ടനോട് യാത്ര പറഞ്ഞു തിരികെ വരുമ്പോള്‍ സത്യത്തില്‍ മനസ്സിന് എന്തോ ഒരു പോസിറ്റിവ് എനര്‍ജി കൈവന്നപോലെ. ഇതായിരിക്കണം ഒരു ജനപ്രതിനിധി… അതെ ഇദ്ദേഹമാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്.. ജനഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന് ഒരു നാടിന്റെ മുഴുവന്‍ എളിമയുള്ള നേതാവായ ശശിയേട്ടന് ഒരു ബിഗ് സല്യൂട്ട്…

Related posts