സുൽത്താൻ ബത്തേരി: സി.കെ. ജാനുവിന് ലഭിച്ച കോഴപ്പണത്തിൽ നാലര ലക്ഷം രൂപ കൽപ്പറ്റ മുൻ എംഎൽഎ ആയിരുന്ന സി.കെ. ശശീന്ദ്രന്റെ ഭാര്യ ഷീബ ശശീന്ദ്രൻ ജോലി ചെയ്യുന്ന കൽപ്പറ്റ സഹകരണ ബാങ്കിലെത്തി ജാനു നേരിട്ടു കൈമാറുകയായിരുന്നുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ബത്തേരിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോഴപ്പണം സംബന്ധിച്ച് ജാനുവും കെ. സുരേന്ദ്രനും പറയുന്നത് പച്ചക്കള്ളമാണ്. മാർച്ച് രണ്ടിനു കോട്ടയത്തുവച്ചാണ് പണം കൈമാറുന്നത് സംബന്ധിച്ച് ധാരണയായത്.
ഇരു നേതാക്കൾക്കും പുറമെ വയനാട് സ്വദേശിയും എൻഡിഎ ഘടകകക്ഷിയുടെ നേതാവുമായ ശ്രീലേഷ് എന്നയാളുമാണ് കോഴപ്പണം കൈമാറുന്നത് സംബന്ധിച്ച ചർച്ചയിൽ പങ്കാളിയായത്. ഇതു സംബന്ധിച്ച തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ മുന്പാകെ നൽകുമെന്നും നവാസ് പറഞ്ഞു.
സാന്പത്തിക സഹായം നൽകിയത് സുതാര്യമായ രീതിയിൽ: സി.കെ. ശശീന്ദ്രൻ
കൽപ്പറ്റ: സി.കെ. ജാനുവിന് സാന്പത്തികസഹായം നൽകിയതും അവർ തിരിച്ചു തന്നതും തീർത്തും സുതാര്യമായ രീതിയിലാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.ശശീന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ ഇടപാടുകൾക്കും വ്യക്തമായ രേഖകളുണ്ട്. സുതാര്യമായ രീതിയിൽ തന്നെയാണ് ഇടപാട്. ഇതിൽ മറച്ചുവയ്ക്കാൻ ഒന്നുമില്ല. മറിച്ചുള്ളആരോപണം തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്നും ശശീന്ദ്രൻ പറഞ്ഞു.