തളിപ്പറമ്പ്: അവസാനത്തെ ആഗ്രഹം സാധിക്കാതെയാണു തളിപ്പറമ്പിന്റെ സി.കെ. എന്ന സി.കെ.നാരായണന് വിടപറയുന്നത്. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കണമെന്ന അവസാനത്തെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിനായില്ല.
സിഎംപി സിപിഎമ്മില്‍ ലയിക്കുന്നതിനു വേണ്ടി നേതൃത്വപരമായി മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച സി.കെ.നാരായണന്റെ സീനിയോറിറ്റി വച്ച് നോക്കിയാല്‍ ജില്ലാ കമ്മിറ്റി അംഗമാകാനുള്ള അര്‍ഹതയുണ്ടെങ്കിലും ശാരീരിക അവശത കാരണം സിഎംപിയിലേക്കു പോകുമ്പോള്‍ ഉണ്ടായിരുന്ന തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗത്വം മാത്രം മതിയെന്നായിരുന്നു സി.കെ.യുടെ താല്പര്യം.
അതുപ്രകാരം ഏരിയാ കമ്മിറ്റി അംഗമാക്കിയെങ്കിലും രോഗം ഗുരുതരമായതിനാല്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ആംബുലന്സിലെങ്കിലും അദ്ദേഹത്തെ ഏരിയാ കമ്മിറ്റി യോഗത്തിനെത്തിക്കാന്‍ സന്തതസഹചാരിയും സുഹൃത്തും സിഎംപി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി സെക്രട്ടറിയും ഇപ്പോള്‍ പരിയാരം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന പി.പി.മോഹനന് ശ്രമിച്ചിരുന്നുവെങ്കിലും അതിനും സാധിക്കാത്ത ഗുരുതരാവസ്ഥയില്‍ അദ്ദേഹം രോഗശയ്യയിലായിരുന്നു.
സിഎംപി പ്രവര്‍ത്തകരില്‍ പലരും പാര്‍ട്ടി രൂപീകരണ കാലത്ത് ഭീഷണിഭയന്നു വീടുകളില്‍ നിന്നു വിട്ടുനില്‍ക്കുമ്പോഴും സിപിഎം ശക്തികേന്ദ്രമായ മുയ്യം പ്രദേശത്ത് ഏതു പാതിരാത്രിയിലും വീട്ടിലേക്കു നടന്നുപോകുന്ന സി.കെ. അന്നും സിപിഎമ്മിലെ പ്രവര്‍ത്തകരുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തിയ അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു.
ജില്ലയില്‍ സിഎംപി രൂപീകരണ കാലത്ത് എംവിആറിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിച്ച സി.കെ. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തിരക്കിനിടയില്‍ വിവാഹം പോലും മറന്നുപോയ പാര്‍ട്ടി നേതാവായിരുന്നു. നിര്യാണ വാര്‍ത്തയറിഞ്ഞു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് രാവിലെ തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു.
പറശിനിക്കടവ് എംവിആര്‍ ആയുര്‍വേദ കോളജിലും സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നാടിന്റെ നാനാതുറകളില്‍ പെട്ട നിരവധിപേര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.