കൊച്ചി: ഇന്ത്യൻ ഫുട്ബോൾ താരം സി.കെ.വിനീതിനെ ഏജീസ് ജോലിയിൽനിന്നു പുറത്താക്കുന്നു. മതിയായ ഹാജരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിനീതിനെ പുറത്താക്കുന്നത്. ഏജീസ് ഓഫീസിൽ ഓഡിറ്ററാണ് വിനീത്. സ്പോർട്സ് ക്വാട്ടയിലാണ് വിനീത് ഏജീസിൽ ജോലി നേടിയത്. ഇതിനുശേഷം ഇന്ത്യൻ ടീമിലുൾപ്പെടെ കളിക്കേണ്ടി വന്നതോടെ വിനീതിന് ഓഫീസിലെത്താൻ കഴിഞ്ഞിരുന്നില്ല.
അതേസമയം, ഫുട്ബോൾ കളിക്കുന്നത് അവസാനിപ്പിച്ച് ജോലി നോക്കാൻ തയാറല്ലെന്ന് വിനീത് പ്രതികരിച്ചു. സ്പോർട്സ് ക്വാട്ടയിൽ ജോലിക്കു കയറിയ തന്നോട് കളിക്കരുതെന്നു പറയുന്നതിൽ എന്തർഥമാണുള്ളതെന്നും വിനീത് ചോദിക്കുന്നു.
ഇന്ത്യൻ ടീമിലെ സ്ഥിരാംഗമായ വിനീത് ബംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ക്ലബിലെയും അംഗമാണ്. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മൽസരത്തിൽ കിർഗിസ് റിപ്പബ്ലിക്കിനെ നേരിടാനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യംപിലേക്കു വിനീത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണ് ഐലീഗിൽ ടോപ് സ്കോററും വിനീതായിരുന്നു.