ന്യൂഡൽഹി: രാജ്യാന്തര ഫുട്ബോൾ താരം സി.കെ. വിനീതിനെ അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ ജോലിയിൽ നിന്നു പിരിച്ചുവിട്ട നടപടിയിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഏജീസ് ഓഫീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ പറഞ്ഞു. ഈ വിഷയത്തിൽ താൻ വിനീതിനൊപ്പം നിൽക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
സി.കെ. വിനീതിനെ ജോലിയിൽ നിന്നു പുറത്താക്കി ഏജീസ് ഉത്തരവിറക്കിയതിനു പിന്നാലെയാണ് മന്ത്രി വിജയ് ഗോയൽ വിനീതിന് പിന്തുണ പ്രഖ്യാപിച്ചത്. സംഭവത്തെക്കുറിച്ച് ആരാഞ്ഞ് ഏജീസ് ഓഫീസിനു കത്തയയ്ക്കുമെന്നും വിജയ് ഗോയൽ പറഞ്ഞു.
നന്നായി കളിക്കുകയും രാജ്യത്തിനായി നേട്ടങ്ങൾ കൊണ്ടുവരികയുമാണ് താരങ്ങളെ സംബന്ധിച്ചെടുത്തോളം പ്രധാനം. താരങ്ങൾക്കു പരമാവധി ഇളവുകൾ നൽകണം. വിനീതിനെ തനിക്കു സഹായിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. മതിയായ ഹാജർ ഇല്ലെന്ന കാരണം പറഞ്ഞാണ് സി.കെ. വിനീതിനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന കായിക മന്ത്രി അടക്കമുള്ളവർ സിഎജി ശശികാന്ത് ശർമയ്ക്ക് കത്തയച്ചെങ്കിലും നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു.
2012ലാണ് സ്പോർട്സ് ക്വോട്ടയിൽ ഏജീസ് ഓഫീസിലെ ഓഡിറ്ററായി വിനീത് ജോലിയിൽ കയറുന്നത്. വിനീതിനെ ജോലിയിൽ സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ടതായി ഡെപ്യൂട്ടി അക്കൗണ്ട ന്റ് ജനറലിന്റെ ഉത്തരവ് ബുധനാഴ്ചയാണു പുറത്തിറങ്ങിയത്. 2014ൽ അവസാനിക്കേണ്ടിയിരുന്ന പ്രബേഷൻ കാലാവധി ഹാജർ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ടു വർഷത്തേക്കു നീട്ടിയിരുന്നു. ഈ കാലാവധി 2016ൽ അവസാനിച്ചു. പ്രബേഷൻ കാലാവധി രണ്ടു വർഷത്തിലേറെ നീട്ടാൻ കഴിയില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
വിനീതിനെ പിരിച്ചുവിട്ട നടപടി യുവകായിക താരങ്ങളുടെയെല്ലാം ആത്മവീര്യം തകർക്കുന്നതാണെന്നും അതു പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു സംസ്ഥാന യൂത്ത് കമ്മീഷൻ കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കത്തയച്ചിരുന്നു.