മാപ്പുപറഞ്ഞ് തലയൂരി മഞ്ഞപ്പട ഫാന്‍സ്, എല്ലാ പ്രശ്‌നത്തിനും കാരണം മഞ്ഞപ്പത്രങ്ങളെന്ന് വിശദീകരണം, കേസ് മുറുകുമെന്നായപ്പോള്‍ എക്‌സിക്യൂട്ടീവ് അംഗത്തിന്റെ ഓഡിയോ തള്ളി ആരാധകക്കൂട്ടായ്മ

സി.കെ. വിനീതിന്റെ പരാതിയില്‍ മഞ്ഞപ്പട ഫാന്‍സിനെതിരായ കേസില്‍ ഒടുവില്‍ ഒത്തുതീര്‍പ്പ്. തന്നെ അപമാനിച്ചവര്‍ പരസ്യമായി മാപ്പുപറഞ്ഞാല്‍ കേസ് ഒഴിവാക്കാമെന്ന വിനീതിന്റെ നിലപാടാണ് ഒടുവില്‍ മഞ്ഞപ്പടയ്ക്ക് തുണയായത്. മഞ്ഞപ്പട പരസ്യമായി മാപ്പുപറഞ്ഞ് പ്രസ്താവന ഇട്ടതോടെ കേസില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന.

മഞ്ഞപ്പട കൊച്ചി വിങ്ങ് പ്രസിഡന്റ് പ്രഭുവിനെ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചിരുന്നു. ഇന്ന് കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ എത്തിയ മഞ്ഞപ്പട പ്രസിഡന്റ് ഓഡിയോയുടെ ഉറവിടം തങ്ങളുടെ ഗ്രൂപ്പ് ആണെന്ന് സമ്മതിച്ചു. മഞ്ഞപ്പട എക്‌സിക്യൂട്ടീവ് അംഗമായ ബിച്ചു എന്ന വ്യക്തിയാണ് വിനീതിനെതിരായ ഓഡിയോ മഞ്ഞപ്പടയുടെ എക്‌സിക്യൂട്ടീവ് ഗ്രൂപ്പില്‍ പങ്കുവെച്ചത് എന്നും അദ്ദേഹം പറഞ്ഞു. ഈ ഓഡിയോ എങ്ങനെയാണ് ഗ്രൂപ്പിന് പുറത്തേക്ക് ചോര്‍ന്നത് എന്ന് അറിയില്ല എന്നും പോലീസിനോട് മഞ്ഞപ്പട കൊച്ചി വിങ്ങ് പ്രസിഡന്റ് വ്യക്തമാക്കി.

ബിച്ചു മഞ്ഞപ്പടയുടെ കൊച്ചി എക്‌സിക്യൂട്ടീവ് ഗ്രൂപ്പിലെ അംഗമാണെന്നും ഈ ഗ്രൂപ്പ് മഞ്ഞപ്പടയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മാത്രമുള്ള ഗ്രൂപ്പ് ആണെന്നും പോലീസിന് മുന്നില്‍ സമ്മതിച്ചിട്ടുണ്ട്. നേരത്തെ ആയിരക്കണക്കിന് ഗ്രൂപ്പുകളില്‍ ഒന്നാണെന്ന് മാത്രമായിരുന്നു മഞ്ഞപ്പട പറഞ്ഞിരുന്നത്.

ആരാധകക്കൂട്ടായ്മയുടെ ഔദ്യോഗിക പ്രതികരണം- മഞ്ഞപ്പടയ്ക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്ന ഓണ്‍ലൈനില്‍ മഞ്ഞപ്പത്രങ്ങള്‍ക്ക് എതിരെ മഞ്ഞപ്പട നിയമ നടപടിക്ക് ഒരുങ്ങുന്നു. വിനീത് – ബോള്‍ ബോയി പ്രശ്‌നത്തിന്റെ വിശദീകരണം തേടുന്നതിനായി അഇജ വിളിച്ചു ചേര്‍ത്ത യോഗത്തിലുള്‍പ്പടെ ഇഗ വിനീതും വിനീതിന്റെ പ്രതിനിധികളായി എത്തിയവരും ആവര്‍ത്തിച്ചു സമ്മതിച്ച കാര്യം ആണ് ‘ഞങ്ങളുടെ പരാതി മഞ്ഞപ്പട എന്ന പ്രസ്ഥാനത്തിന് എതിരല്ല. മഞ്ഞപ്പടയില്‍ അംഗമായിട്ടുള്ള വിവാദമായ ശബ്ദസന്ദേശം അയച്ച ആള്‍ക്കെതിരെ ആണ്. മഞ്ഞപ്പട എന്ന ഫാന്‍സ് ക്ലബ്ബിലെ എല്ലാവരും മോശക്കാരല്ല. 90% ആളുകളും നല്ല ഫുട്‌ബോള്‍ പ്രേമികള്‍ ആണ്. ബാക്കി ഉള്ള 10% ആള്‍ക്കാരെ സൂക്ഷിക്കേണ്ടത് മഞ്ഞപ്പട ആണ് ‘ എന്ന്.

നാളെ മഞ്ഞപ്പടയുടെ ഒഫിഷ്യല്‍ സ്റ്റെറ്റ്‌മെന്റോടെ ഈ വിഷയം അവസാനിപ്പിക്കാം എന്ന ഉഭയ സമ്മത പ്രകാരം ഉള്ള തീരുമാനത്തിന് ശേഷവും മഞ്ഞപ്പട കുറ്റം ഏറ്റു പറഞ്ഞു എന്നും മഞ്ഞപ്പട പിരിച്ചു വിടുന്നു എന്നും ഒക്കെയുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപിക്കുന്ന ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങള്‍ക്ക് എതിരെ മഞ്ഞപ്പട നിയമോപദേശം തേടുകയും കേസ് അനേഷണ ചുമതല ഉള്ള ഉദ്യോഗസ്ഥനായി ഇതേ കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തിരിക്കുന്നു. അദ്ദേഹം അനേഷണം ഉറപ്പ് തരികയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ ഈ കാര്യത്തില്‍ നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

Related posts