തൊടുപുഴ: വണ്ണപ്പുറത്തു നാലംഗ കുടുംബം കൊല്ലപ്പെട്ട സംഭവം ആസൂത്രിത കൊലപാതകമെന്നു സംശയം. ഒറ്റപ്പെട്ടു നിൽക്കുന്ന ഈ വീട്ടിലേക്ക് നടന്നുപോകാനുള്ള വഴി മാത്രമാണുള്ളത്. വാഹനങ്ങൾ പ്രധാന റോഡ് വരെ മാത്രമേ എത്തുകയുള്ളൂ.
മുണ്ടൻമുടി കാനാട്ടുവീട്ടിൽ കൃഷ്ണൻകുട്ടി, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവർ കൊല്ലപ്പെട്ട സംഭവമാണ് ഒന്നിലേറെ പേർ ചേർന്നു ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന സംശയം ശക്തമായിരിക്കുന്നത്.
ആറടിയോളം ഉയരമുള്ള, മികച്ച ശാരീരികശേഷിയുള്ള കൃഷ്ണൻകുട്ടിയെയും പതിനെട്ടുകാരനായ മകനെയും ഒരാൾക്കു തനിയെ ആക്രമിച്ചു കീഴ്പ്പെടുത്തുക അത്ര എളുപ്പമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, കൊലപാതകത്തിനു ശേഷം വീടിനു പിന്നിൽ കുഴിയെടുത്തു നാലുപേരെയും കുഴച്ചിടണമെങ്കിൽ കൂടുതൽ പേരുടെ സഹായം ഉണ്ടായിരുന്നിരിക്കാം എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.
ഒറ്റപ്പെട്ട ഈ വീട്ടിൽനിന്ന് നിലവിളി ഉയർന്നാൽ പോലും അയൽവാസികളുടെ ശ്രദ്ധയിൽ വരണമെന്നില്ല. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ പെയ്ത കനത്ത മഴയും ബഹളമോ നിലവിളിയോ ഉണ്ടായെങ്കിൽ അതു പുറം ലോകം അറിയുന്നതിനു തടസമായി.
കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും ചുറ്റികയും വീടിനു സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ഈ വീട് ഇരിക്കുന്ന ഭാഗത്ത് മൊബൈൽ റേഞ്ച് തീരെയില്ല എന്നതും കൊലയാളികൾക്കു തുണയായെന്നു കരുതുന്നു.