ചാലക്കുടി: നഗരമധ്യത്തിലുള്ള ജ്വല്ലറി കുത്തിത്തുറന്ന് 20 കിലോ സ്വർണം മോഷ്ടിച്ചു. നോർത്ത് ജംഗ്ഷനിൽ റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഇ.ടി.ദേവസി ആൻഡ് സണ്‍സ് ഇടശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്.
ജ്വല്ലറിയുടെ പിൻഭാഗത്തുള്ള ചുമർ കുത്തിത്തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്.
ഇന്നലെ ഞായറാഴ്ച ജ്വല്ലറി അവധിയായിരുന്നു. ഇന്നുരാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ചാലക്കുടി ഡിവൈഎസ്പി സി.എസ്. ഷാഹുൽഹമീദ്, സിഐ ഹരിദാസ്, എസ്ഐ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.