കൽപ്പറ്റ: സി.കെ. ജാനു എൻഡിഎ യുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭയാണ് എൻഡിഎ വിടാൻ ഒരുങ്ങുന്നത്. മുത്തങ്ങ വാർഷിക ദിനമായ ഫെബ്രുവരി 19ന് സി.കെ. ജാനു നിലപാട് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കേന്ദ്ര സർക്കാർ ബോർഡുകളിലോ കോർപറേഷനുകളിലോ ദേശീയ പട്ടികജാതി പട്ടിക വർഗ കമ്മീഷനിലോ അംഗത്വം നൽകുമെന്ന് വാഗ്ദാനം ഇത്രയും കാലമായിട്ടും എൻഡിഎ പാലിച്ചില്ലെന്നും ജാനു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥനാർഥിയായിരുന്നു ജാനു. ഗോത്രമഹാസഭ കോ- ഓർഡിനേറ്റർ എം. ഗീതാനന്ദന്റെ ഉപദേശങ്ങൾ വകവയ്ക്കാതെ തിടുക്കത്തിൽ രൂപീകരിച്ച ജെആർഎസിനെ എൻഡിഎയുടെ ഭാഗമാക്കിയാണ് ജാനു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ബിജെപി ദേശീയ-സംസ്ഥാന നേതാക്കളുടെ സമ്മർദവും പ്രലോഭനങ്ങളുമാണ് ആദിവാസി നേതാവെന്ന നിലയിൽ രാജ്യത്തിനു പുറത്തും അറിയപ്പെടുന്ന ജാനുവിനെ തെരഞ്ഞടുപ്പിൽ ബിജെപിയുടെ കുടക്കീഴിൽ നിർത്തിയത്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നപക്ഷം ദേശീയ പട്ടികവർഗ കമ്മീഷൻ അംഗത്വമാണ് ബിജെപി നേതാക്കൾ ജാനുവിന് വാഗ്ദാനം ചെയ്തത്. മണ്ഡലത്തിൽ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണൻ. സിപിഎമ്മിലെ രുക്മണി സുബ്രഹ്മണ്യൻ എന്നിവരുമായുള്ള അങ്കത്തിൽ മൂന്നാം സ്ഥാനത്തായ ജാനുവിനു നൽകിയ വാഗ്ദാനം രണ്ട് വർഷമാകാറായിട്ടും ബിജെപിയും എൻഡിഎയും പാലിച്ചില്ല. ഇതിലുള്ള നൈരാശ്യമാണ് ജാനുവിനെ ബിജെപിയുമായി മാനസികമായി അകറ്റിയതും എൻഡിഎ വിടാനുള്ള തീരുമാനത്തിലേക്ക് നയിക്കുന്നതും.