ന്യൂഡൽഹി: സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവനയെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സി. കെ ജാനു. സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും ആദിവാസിവകുപ്പുകൾ കൈകാര്യം ചെയ്തത് സവർണരും സവർണ മനോഭാവമുള്ളവരുമാണ്. സുരേഷ് ഗോപിയുടേത് ആദിവാസി വിഭാഗത്തോടുള്ള വംശീയ അധിക്ഷേപമാണെന്നും ജാനു വ്യക്തമാക്കി.
ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാർഥ്യങ്ങൾ മനസിലായിട്ടില്ല. അടിമ-മാടമ്പി മനോഭാവമാണിത്. ഉന്നതകുലജാതർ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്.
ആദിവാസി വിഭാഗത്തിലുളളവർ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല. ഇനിയും ഉന്നതർ വരണമെന്നാണ് പറയുന്നത്. മനുഷ്യരെ മനുഷ്യരായി കാണുന്നില്ല.
ആദിവാസികൾക്ക് ഭരണഘടന നൽകുന്ന വ്യവസ്ഥകൾ ഉണ്ട്. നൂറ്റാണ്ടുകളായി ഉന്നത കുലജാതർ വകുപ്പ് കൈകാര്യം ചെയ്തു പരാജയപ്പെട്ടതാണ്. വംശഹത്യ നേരിടുന്ന കാലത്ത് ഉന്നതർ വരണമെന്ന് പറയുന്നത് മനസിലാകുന്നില്ലെന്നും സി. കെ ജാനു പറഞ്ഞു.