കണ്ണൂർ: പി. ജയരാജനെതിരേ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് നടത്തുന്നത് പിണറായി വിജയന്റെ സീക്രട്ട് ഓപ്പറേഷനെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ. നജാഫ്.
പിണറായി വിജയനെതിരേ കേരളത്തിൽ മുഴുവൻ ഉണ്ടായി കൊണ്ടിരിക്കുന്ന പാർട്ടിക്കുള്ളിലെ പോരാട്ടം നയിക്കുന്ന പി. ജയരാജനെയും കേരളത്തിലെ തിരുത്തൽ സംഘത്തെയും ഒതുക്കാൻ വേണ്ടി ഒരുക്കിയ പിണറായി ടൂൾ ആണ് മനു എന്ന് നജാഫ് പറഞ്ഞു.
പിണറായി വിജയൻ പ്രതിസന്ധിയിലാവുകയും കേരളത്തിൽ പി. ജയരാജന്റെ നേതൃത്തതിൽ പുതിയ പാർട്ടി വിഭാഗീയ പ്രവർത്തനങ്ങളുടെ വലിയ ശക്തി ഒരുങ്ങുന്നു എന്നും അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പി. ജയരാജന്റെ ഈ നീക്കത്തെ തടയിടാനുള്ള പിണറായിയുടെ ‘ കുടുംബ കൊട്ടേഷൻ ‘ ആണെന്നും നജാഫ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ചെങ്കൊടിയുടെ സംസ്കാരം അധോലോകവുമായി നെക്സസ് ഉണ്ടാക്കി എന്നതാണ് യഥാർത്ഥത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഈ ദശതകത്തിൽ കണ്ണൂർ മോഡൽ നൽകിയ സംഭാവന.
പാർട്ടി തീരുമാന പ്രകാരം ക്വട്ടേഷൻ നൽകുന്നതോ, ആളെ കൊല്ലുന്നതോ ഒന്നും ഇപ്പഴും ഈ പാർട്ടിക്ക് തെറ്റായ ഒരു കാര്യമേയല്ല എന്ന നിലപാടിലാണ് ഇന്നും പാർട്ടി.
പാർട്ടി ഈ അധോലോക കമ്പനിക്ക് വിരുദ്ധമായി സ്വയം ക്വട്ടേഷൻ ഏറ്റെടുക്കുന്നതാണ് പി. ജയരാജനിൽ സിപിഎം കണ്ണൂർ ലോബി കാണുന്ന കുറ്റം. ആദ്യം പാർട്ടി കൊടുത്ത ക്വട്ടേഷൻ ഭംഗിയായി നിർവ്വഹിച്ച് അവരെ സംരക്ഷിച്ച് പോന്നിരുന്ന ക്വട്ടേഷൻ സംഘം പിന്നീട് സ്വയമേവ എടുക്കുന്ന ക്വട്ടേഷന് പാർട്ടി കൂടെ നിൽക്കേണ്ട സാഹചര്യത്തിൽ എത്തി എന്ന് കൂടിയാണ് മനു പറഞ്ഞത്.
ഇനി ഡിവൈഎഫ്ഐ നേതാക്കളുടെ പ്രയാസം മറ്റൊന്നാണ്. പി. ജയരാജനുമായി (മകനുമായി ) ഉണ്ടാക്കിയ അവിശുദ്ധ ബാന്ധവം വഴി കണ്ണൂരിലെ പാർട്ടി ഗുണ്ടകൾക്ക് അവരുടെ താൽപര്യം അനുസരിച്ച് ഇത്തരം ഓപ്പറേഷനുകൾ നടത്താൻ കഴിയുകയും അത് വഴി ലഭിക്കുന്ന പങ്ക് ജയിൻ രാജിന് മാത്രം ലഭ്യമാവുന്നു എന്നതിലുമാണ്.
എന്ന് പറഞ്ഞാൽ നാട്ടിലെ ഗുണ്ടകളെ വരുതിയിൽ നിർത്താൻ കഴിയാതെ പോയതും ലാഭ വിഹിതം ലഭിക്കാതിരിക്കുന്നതുമാണ് ഡി വൈ എഫ് ഐ നേതാക്കളുടെ ആത്മരോഷമാണ് ഒരു പരിധി വരെ ഈ പോരാട്ടങ്ങൾക്ക് പിറകിൽ എന്ന് മനസിലാകണം.
ഇനിയാണ് കാര്യം, മനു സൂചിപ്പിച്ച ‘കോപ്പി’ കച്ചവടം ഇനിയും കേരളം മനസിലാക്കാതെ പോവരുത്. അത് കോപ്പി വാച്ച് കച്ചവടമല്ല. അത് ‘കോപ്പി ഗോൾഡാണ് ‘. കണ്ണൂരിലെ സിപിഎം നിയന്ത്രിത ബാങ്കുകളിൽ വ്യാപകമായി ലോക്കറുകളിലെ പൊന്നുകൾ ബാങ്ക് ജീവനക്കാരായ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ എടുത്ത് പകരം ഉരച്ച് നോക്കിയാൽ മാത്രം തിരിച്ചറിയാൻ കഴിയാത്ത വിധം ഫസ്റ്റ് കോപ്പി ഗോൾഡ് കൊണ്ട് നിറച്ച് വെച്ചിട്ടുണ്ട്.
അതിന്റെ മൊത്ത വ്യാപാരമാണ് മനു പറഞ്ഞ ഈ കോപ്പി കച്ചവടക്കാരന്റെ ഏർപ്പാട്. ഇത് വഴി ഈ കൃത്യത്തിൽ പങ്കെടുത്ത ബാങ്ക് ജോലിക്കാരായ പാർട്ടിക്കാരുടെ മുഴുവൻ പിന്തുണയും നിലനിൽപിന് വേണ്ടി പി. ജയരാജന് ‘ കിട്ടി എന്നത് സത്യമാണ്.
ഇനി സിപിഎമ്മുകാരോട്. മനു ഇപ്പോൾ സംസാരിക്കുന്നതിന് പിറകിലെ രാഷ്ട്രീയത്തെ വായിക്കാതെ പോയാൽ നിങ്ങൾ നേരിടാൻ പോവുന്നത് മാർക്കിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും.
കാരണം മനു, പി. ജയരാജൻ അനുകൂല വിഭാഗത്തോട് ഗ്രൂപ്പ് പോര് തുടങ്ങിയിട്ട് വർഷങ്ങളായി, ഈ ലോബിയുടെ കൈകളിലേക്ക് യുവജന ഡിവൈഎഫ്ഐക്കാർ കൂടുതൽ ഓരം പറ്റിയതോടെ മനു പറയുന്നത് വിശ്വാസത്തിലെടുത്ത് രാഷ്ട്രീയ ഭാവി ഇല്ല എന്ന തിരിച്ചറിവിൽ ത്രിൽ നഷ്ടപ്പെട്ട രാഷ്ട്രീയക്കാരന്റെ പടിയിറക്കം ഉണ്ടായി.
എന്നാൽ പ്രതികരണം എന്ത് കൊണ്ട് പടിയിറക്കം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഉണ്ടായി എന്ന് പരിശോധിക്കുമ്പോൾ കണ്ണൂർ ലോബിയുടെ അതികായകൻ കേരളത്തിൽ മുഴുവൻ പ്രതിരോധത്തിൽ ആയ ഘട്ടമാണ് ഇതെന്നു നമുക്ക് കാണാം.
പിണറായി വിജയൻ പ്രതിസന്ധിയിലാവുകയും കേരളത്തിൽ പി. ജയരാജന്റെ നേതൃത്തതിൽ പുതിയ പാർട്ടി വിഭാഗീയ പ്രവർത്തനങ്ങളുടെ വലിയ ശക്തി ഒരുങ്ങുന്നു എന്നും അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പി. ജയരാജന്റെ ഈ നീക്കത്തെ തടയിടാനുള്ള പിണറായി വിജയൻ അറിഞ്ഞു കൊണ്ടുള്ള ഈ നീക്കം പിണറായിയുടെ ‘ കുടുംബ കൊട്ടേഷൻ ‘ ആണ്.
തന്റെ തട്ടകത്തിൽ നിന്ന് തന്നെ ഒരു പാളയത്തിൽ പടക്ക് ഒരു നായകനെ പിണറായി വിജയൻ സഹിക്കില്ല. പിണറായി വിജയനെതിരെ കേരളത്തിൽ മുഴുവൻ ഉണ്ടായി കൊണ്ടിരിക്കുന്ന പാർട്ടിക്കുള്ളിലെ പോരാട്ടം നയിക്കുന്ന പി. ജയരാജനെയും കേരളത്തിലെ ഈ തിരുത്തൽ സംഘത്തെയും ഒതുക്കാൻ ഒരുക്കിയ ഒരു പിണറായി ടൂൾ തന്നെയാണ് മനു.
രക്തക്കൊതിയരായ രണ്ട് ഗുണ്ട നേതാക്കളുടെ കുടിപ്പക മാത്രമാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. ഇതിൽ ആര് ജയിച്ചാലും കണ്ണൂരിലെ സിപിഎമ്മിന് ഒരേ ഭാഷയാണ്, അത് ഡിക്റ്റേറ്ററുടെ ഭാഷ. മനു പറഞ്ഞ കോപ്പി കച്ചവടത്തിന്റെ ഉള്ള് കളികൾ പുറത്ത് വരാൻ നീതിയുക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ട്.