നവാസ് മേത്തർ
തലശേരി: മുൻമന്ത്രി മാത്യു ടി. തോമസ് പ്രസിഡന്റായ ജനതാദൾ- എസിൽ വൻ പൊട്ടിത്തെറി. അപ്രതീക്ഷിതമായി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട വടകര എംഎൽഎ സി.കെ. നാണു ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
ജനതാദൾ -എസിലെ ഉന്നതരായ നേതാക്കൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുള്ള കോടികളുടെ അഴിമതി സംബന്ധിച്ച വിലപ്പെട്ട രേഖകൾ സി.കെ. നാണു മുഖ്യമന്ത്രിക്കു കൈമാറുമെന്ന് സി.കെ. നാണുവുമായി അടുത്ത വൃത്തങ്ങൾ രാഷ്ട്രദീപികയോടു പറഞ്ഞു.
ഇതിനു പുറമെ പിണറായിയുടെ മനസറിഞ്ഞ ശേഷം സി.കെ. നാണു നേതൃത്വം നൽകുന്ന കമ്മറ്റി സ്വതന്ത്രമായി മുന്നോട്ട് പോകണമെന്ന കാര്യത്തിലും തീരുമാനമെടുക്കും. കെ. കൃഷ്ണൻകുട്ടി മന്ത്രിയായതിനെത്തുടർന്നാണ് സി.കെ. നാണു പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്.
പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച ചില രഹസ്യ സംഭാഷണങ്ങളുടെ ഓഡിയോയും കോടതികളിൽ നിന്നും ശേഖരിച്ചിട്ടുള്ള രേഖകളും ഉൾപ്പെടെ ജനതാദൾ എസിലെ ഉന്നതരുടെ വൻ അഴിമതികൾ സംബന്ധിച്ച തെളിവുകളാണ് തങ്ങളുടെ കൈയിലുള്ളതെന്നു നാണു പക്ഷത്തെ പ്രമുഖ നേതാവ് പറഞ്ഞു.
ഇടതുപക്ഷ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാലാണ് പുറത്തു വിടാത്തത്. സി.കെ. നാണുവും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചക്കു ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.
സി.കെ. നാണു പ്രസിഡന്റായ കമ്മറ്റിയെ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ പിരിച്ചുവിട്ടതിനെത്തുടർന്നാണ് ജനതാദൾ എസിലെ ഭിന്നത കൂടുതൽ രൂക്ഷമായിട്ടുളത്.
പാർട്ടിയെ ദുർബലപ്പെടുത്തിയെന്നാരോപിച്ചാണ് സി.കെ. നാണുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയെ ദേശീയ അധ്യക്ഷൻ ദേവഗൗഡ പിരിച്ചു വിട്ടത്. മന്ത്രി കൃഷ്ണൻകുട്ടിയും മുൻ മന്ത്രി നീല ലോഹിതദാസൻ നാടാറും നൽകിയ പരാതിയിലായിരുന്നു കേന്ദ്ര നടപടി.
ഈ ഭിന്നത ശ്രേയാംസ് കുമാർ നേതൃത്വം നൽകുന്ന ലോക് താന്ത്രിക് ജനതാ ദളിലുൾപ്പെടെ ചില മാറ്റങ്ങൾക്ക് ഇടയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട സി.കെ. നാണുവിനെ പ്രായാധിക്യം പറഞ്ഞ് നിയമാസഭ തിരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്താനും നീക്കം നടക്കുന്നുണ്ട്.
വടകരയിൽ ശ്രേയാംസ് കുമാർ നേതൃത്വം നൽകുന്ന ജനതാദളിൽ നിന്നുള്ള പ്രമുഖനെ തങ്ങളുടെ പക്ഷത്തെത്തിച്ച് മൽസരിപ്പിക്കാനാണ് ഇപ്പോൾ അണിയറയിൽ നീക്കം നടക്കുന്നത്. ഇതിനു പിന്നിൽ മന്ത്രി കെ. കൃഷ്ണൻ കുട്ടിയാണെന്ന് നാണു പക്ഷം ആരോപിക്കുന്നുണ്ട്.
ലോക് താന്ത്രിക് ജനതാ ദളിലെ പ്രമുഖ നേതാക്കളായ മുൻ മന്ത്രി കെ.പി. മോഹനൻ, ഷെയ്ഖ് പി. ഹാരീസ് എന്നിവരുടെ നിലപാടുകളും വരും ദിവസങ്ങളിൽ നിർണായകമാകും.