കണ്ണൂർ: ലാറ്റിൻ അമേരിക്കൻ വിപ്ലവ നായകൻ ചെഗുവേരയുടെ മകളെ കാണാൻ ബിജെപി നേതാവെത്തി. ഇന്നലെ രാവിലെ 9.30 ഓടെയാണ് ബിജെപി ദേശീയ സമിതിയംഗം സി.കെ. പദ്മനാഭൻ കണ്ണൂർ ഗസ്റ്റ് ഹൗസിലെത്തി ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയുമായി കൂടിക്കാഴ്ച നടത്തിയത്.
സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി, സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം എന്നിവർ ചേർന്ന് സി.കെ.പദ്മനാഭനെ സ്വീകരിച്ചു. തുടർന്ന് എം.എ. ബേബി അലൈഡ ഗുവേരയ്ക്ക് സി.കെ. പദ്മനാഭനെ പരിചയപ്പെടുത്തിക്കൊടുത്തു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡന്റും ഇപ്പോൾ ദേശീയ സമിതിയംഗവുമാണ് സി.കെ.പി എന്നു പറഞ്ഞപ്പോൾ അലൈഡ ഗുവേര എഴുന്നേറ്റ് നിന്ന് ഹസ്തദാനം ചെയ്തു.
തുടർന്ന് ചെറിയ ഉപഹാരം സ്വീകരിക്കണമെന്ന് സി.കെ.പി അഭ്യർഥിച്ചു. കൂടെയുണ്ടായിരുന്ന ബിജെപി ജില്ലാകമ്മിറ്റിയംഗം സുധീർ ബാബുവിന്റെ കൈയിൽ നിന്നും ഉപഹാരം വാങ്ങി നൽകുകയായിരുന്നു. അർജുനന് ഗീതോപദേശം നൽകുന്ന മാതൃകയിലുള്ള പിച്ചളയിൽ തീർത്ത ശില്പമാണ് ഉപഹാരമായി നൽകിയത്. ഇത് ഭാരത സംസ്കാരത്തിന്റെ പ്രതീകമാണെന്നും സി.കെ.പി പറഞ്ഞു.
ഉപഹാരത്തിൽ നോക്കിയപ്പോൾ എം.എ. ബേബിയും വിശദീകരിച്ചു. ഈ ഉപഹാരം അമൂല്യമാണെന്നും അത് പ്രത്യേകമായി പായ്ക്ക് ചെയ്ത് നാട്ടിലേക്കു കൊണ്ടുപോകാൻ തയാറാക്കണമെന്നും കൂടെയുണ്ടായിരുന്ന ചിന്താ ജെറോമിനോട് അവർ നിർദേശിച്ചു. താൻ എന്നും ആദരവോടെ കണ്ട വിപ്ലവനായകൻ ചെഗുവേരയുടെ മകളെ സന്ദർശിക്കാനും സംസാരിക്കാനും കഴിഞ്ഞത് ഭാഗ്യമായി കണ്ടാണ് സി.കെ.പി ഗസ്റ്റ് ഹൗസ് വിട്ടത്.
സി.കെ.പിയുടെ ചെഗുവേര സ്നേഹം ഇന്നലെ തുടങ്ങിയതല്ല
ചെഗുവേരയോടുള്ള ആരാധന സി.കെ.പി ഇതിനു മുന്പും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞവർഷം ബിജെപി സംസ്ഥാന സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ നയിച്ച ബിജെപി വാഹന ജാഥയിൽ എ.എൻ. രാധാകൃഷ്ണൻ ചെഗുവേരയെ രൂക്ഷമായി കടന്നാക്രമിച്ചിരുന്നു.
ചെഗുവേരയുടെ ഫോട്ടോകളും ബോർഡുകളും എടുത്തുമാറ്റണമെന്നും അത് ഡിവൈഎഫ്ഐക്കാരും എസ്എഫ്ഐക്കാരും എടുത്തുമാറ്റുന്ന കാലം വിദൂരമല്ലെന്നുമായിരുന്നു ജാഥയിൽ ഉടനീളം എ.എൻ. രാധാകൃഷ്ണൻ പ്രസംഗിച്ചത്.
ഇത് സി.കെ.പിയെ പ്രകോപ്പിച്ചു. സിപിഎമ്മിന്റെ ചാനലിനു തന്നെ അഭിമുഖം നൽകി എ.എൻ. രാധാകൃഷ്ണന്റെ വാദങ്ങളെ അദ്ദേഹം നഖശിഖാന്തം എതിർത്തു. ലോക വിപ്ലവനായകൻ ചെഗുവേരയെക്കുറിച്ച് മനസിലാക്കാത്തവരാണ് ഇത്തരത്തിൽ പ്രസംഗിക്കുന്നതെന്നും അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചവർക്ക് ചെഗുവേര ആരാണെന്ന് മനസിലാകുമെന്നും കൈരളി ചാനലിന് നൽകിയ അഭിമുഖത്തിൽ സി.കെ.പി പറഞ്ഞിരുന്നു.
ഇത് കേരളത്തിൽ വലിയ ചർച്ചയായി. മാധ്യമങ്ങൾ അത് ഏറ്റെടുത്തു. സി.കെ.പിയുടെ ചെഗുവേര സ്നേഹത്തിൽ പ്രകോപിതരായ പാർട്ടി പ്രവർത്തകർ ഫോണിൽ വിളിച്ച് അദ്ദേഹത്തെ തെറിവിളിച്ചു.
ചിലർ പിന്തുണയും നൽകി. എന്നാൽ പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ മൗനം പാലിച്ചു. ഈ വിവാദക്കാറ്റിൽ ജാഥയുടെ വിഷയം തന്നെ മാറിപ്പോയി. ജാഥ അവസാനിച്ചശേഷം നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ സി.കെ. പദ്മനാഭനെതിരേ വിമർശനം ഉയർന്നിരുന്നു. എന്നാൽ അതിന് വ്യക്തമായ മറുപടി നൽകിയതോടെ കൂടുതൽ വിവാങ്ങളിലേക്കു പോകാതെ യോഗം മറ്റ് അജണ്ടകളിലേക്ക് കടക്കുകയായിരുന്നു.