ജനപ്രീതി കൂടിക്കൊണ്ടിരിക്കുന്പോഴാണ് ഇന്ത്യയിൽ ടിക് ടോക്കിന് പൂട്ട് വീണത്. ഇതോടെ ടിക് ടോക്കിൽ വൈറലായവർ മറ്റ് സോഷ്യൽ മീഡിയകളിലേക്ക് ചേക്കേറി.
അഭിനയ മികവ് പ്രകടിപ്പിക്കാൻ മാത്രമല്ല, പരസ്യത്തിനായും ടിക് ടോക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു.ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചെങ്കിലും മറ്റ് രാജ്യങ്ങളിൽ ആപ് ഇപ്പോഴും ഹിറ്റാണ്. അപകടങ്ങളും അപകടകരമായ പല കാര്യങ്ങളും ടിക് ടോക്കിൽ പ്രചരിക്കാറുണ്ട്.
ഇപ്പോൾ ടിക് ടോക്കിൽ പല്ലിന്റെ സൗന്ദര്യം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് വൈറലായിരിക്കുന്നത്. ടോക് ടോക്ക് താരമായ ക്ലോഡിയ സ്നെൽ പല്ലിൽ രാസവസ്തു ഉപയോഗിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു കോടിയിലധികം പേരാണ് വീഡിയോ കണ്ടത്.
പഞ്ഞി ഉപയോഗിച്ച് ഹൈഡ്രജൻ പെറോക്സൈഡ് പല്ലില് തേയ്ക്കുന്ന വീഡിയോയാണ് ക്ലോഡിയ പോസ്റ്റ് ചെയ്തത്. ഒാൺലൈൻ ഷോപ്പിംഗ് സൈറ്റിൽ നിന്ന് നാല് ഡോളർ മുടക്കിയാൽ ഈ രാസവസ്തു ലഭിക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്. വീഡിയോ പോസ്്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം സാധനം വിറ്റ് തീർന്നു.
എന്നാൽ ഹൈഡ്രജൻ പെറോക്സൈഡ് ഒരു രാസവസ്തുവാണെന്നും അമിതമായി ശരീരത്തിൽ പ്രവേശിച്ചാൽ ദോഷമാണെന്നുമാണ് ദന്തഡോക്ടർമാർ പറയുന്നത്. ടിക് ടോക്കിലെ ഏറ്റവും പുതിയ ക്രേസ് പല്ലുകൾക്കും മോണകൾക്കും ദോഷം വരുത്തുമെന്ന് ബ്രിട്ടീഷ് സൊസൈറ്റി ഓഫ് ഡെന്റൽ ഹൈജിൻ ആൻഡ് തെറാപ്പി പറയുന്നു.
പല്ല് വെളുപ്പിക്കുന്നതിന് സ്വയം പരീക്ഷണം നടത്തുന്നതിന് മുമ്പ് ദന്തഡോക്ടറെ സമീപിക്കണമെന്ന് ദന്തരോഗവിദഗ്ദ്ധൻ ഡോ. ലിൻഡ ഗ്രീൻവാൾ പറഞ്ഞു.
പല്ലുകൾ വെളുപ്പിക്കാൻ ആഗ്രഹിക്കുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇത് ലവ് ഐലൻഡ് ഇഫക്റ്റ് എന്നറിയപ്പെടുന്നു. വെളുപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം ഇനാമൽ, ഡെന്റൈൻ, പല്ലിന്റെ ഘടന, മോണയുടെ ആരോഗ്യം എന്നിവയ്ക്ക് കാരണമാകുമെന്നും ഡോ ലിൻഡ പറഞ്ഞു.
ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാൻ താൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും തന്റെ അഭിപ്രായ പ്രകടനം മാത്രമാണ് ടിക് ടോക്കിൽ കണ്ടതെന്നുമായിരുന്നു ക്ലോഡിയായുടെ പ്രതികരണം.
ക്ലോഡിയായുടെ വീഡിയോ പരീക്ഷിച്ച് നോക്കിയവർ ഹൈഡ്രജൻ പെറോക്സൈഡ് അത്ര നല്ല പ്രകടനമല്ല കാഴ്ചവച്ചതെന്നാണ് അഭിപ്രായപ്പെട്ടത്.