സെഞ്ചൂറിയൻ: എന്റെ സ്വപ്നം പൂവണിഞ്ഞു: പറയുന്നത് മറ്റാരുമല്ല, ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യിൽ ദക്ഷിണാഫ്രിക്കയുടെ വിജയനായകൻ ഹെയ്റിച്ച് ക്ലാസൻ. ടീമിനെ ജയത്തിലേക്ക് നയിക്കുക എന്നതായിരുന്നു ക്ലാസന്റെ സ്വപ്നം. അത് ഫലംകണ്ടു. ക്ലാസന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. അതോടെ മൂന്ന് മത്സര പരന്പര 1-1ൽ എത്തുകയും ചെയ്തു. 30 പന്തിൽ ഏഴ് സിക്സും നാല് ഫോറും അടക്കം 69 റണ്‍സ് എടുത്ത ക്ലാസനായിരുന്ന മാൻ ഓഫ് ദ മാച്ച്.
നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചപ്പോഴും ക്ലാസൻ ആയിരുന്നു മാൻ ഓഫ് ദ മാച്ച്. സ്ഥിരം വിക്കറ്റ് കീപ്പർ ക്വിന്റണ്‍ ഡികോക്ക് പരിക്കേറ്റ് പുറത്തായതോടെയാണ് ക്ലാസൻ എത്തുന്നത്. ഡികോക്ക് തിരിച്ചെത്തുന്നതോടെ ടീമിൽ സ്ഥാനം നഷ്ടമാകില്ലേയെന്ന് ചോദിച്ചപ്പോൾ, ഡികോക്ക് ലോകോത്തര താരമാണെന്നും ടോപ് ഓർഡർ ബാറ്റിംഗിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് ഒഴിച്ചുകൂടാൻ സാധിക്കാത്തതാണെന്നുമായിരുന്നു ക്ലാസന്റെ മറുപടി.
ഡികോക്കിന് താനൊരു ഭീഷണിയേ അല്ലെന്നാണ് ക്ലാസന്റെ നിരീക്ഷണം. ഡുമിനി, ഡിവില്യേഴ്സ്, ബവുമ തുടങ്ങിയ ലോകോത്തര താരങ്ങളുള്ള ടീമിൽ സ്ഥാലം ലഭിച്ചെന്നതുതന്നെ വലിയകാര്യമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ പൂർണ സന്തോഷവാനാണ്: ക്ലാസൻ പറഞ്ഞു.
ക്ലാസനും ക്യാപ്റ്റൻ ജെ.പി. ഡുമിനിയും (40 പന്തിൽ മൂന്ന് സിക്സ് നാല് ഫോറും അടക്കം 64 നോട്ടൗട്ട്) ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പികൾ. 20 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ എടുത്ത 188 റണ്‍സ് ദക്ഷിണാഫ്രിക്ക 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ശനിയാഴ്ചയാണ് പരന്പരയിലെ അവസാന ട്വന്റി-20. ഇന്ത്യൻ സമയം രാത്രി 9.30 മുതലാണ് മത്സരം. അന്ന് ജയിക്കുന്ന ടീം പരന്പര സ്വന്തമാക്കും.