പാനൂർ: ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർഥികളെ പിടിക്കാൻ പോലീസ് രംഗത്ത്. പാനൂർ മേഖലയിൽ വിദ്യാർഥികൾ വ്യാപകമായി ക്ലാസ് കട്ട് ചെയ്തു ഊരു ചുറ്റുന്നതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.പാനൂർ സിഐ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് രംഗത്തിറങ്ങിയിരിക്കുന്നത്.
ഇതിന്റെ ബസ് സ്റ്റാൻഡ്, ഇടവഴികൾ, വ്യാപാര സമുച്ഛയങ്ങൾ, ആളൊഴിഞ്ഞ പ്രദേശങ്ങൾ എന്നിവയെല്ലാം പോലീസിന്റെ നിരീക്ഷണത്തിലാണ്. ബസ് സ്റ്റാൻഡുകളിലെത്തുന്ന പൂവാലൻമാരെ പൊക്കാനും നിർദേശമുണ്ട്.വീട്ടിൽ നിന്നും പുറപ്പെട്ട് ക്ലാസിലെത്താത്ത കുട്ടികളെ പിടികൂടാനും പാനൂർ പോലീസിന് പദ്ധതിയുണ്ട്.ഇതിനായി അടുത്ത ദിവസം തന്നെ സ്കൂൾ മേധാവികളുടെ യോഗം വിളിച്ചു ചേർക്കും.
വ്യക്തമായ കാരണം ബോധിപ്പിക്കാതെ ക്ലാസിലെത്താത്ത കുട്ടികളുടെ ഹാജർ നില അതാത് ദിവസം പോലീസിലറിയിക്കുന്ന സംവിധാനവും ആലോചിക്കുന്നുണ്ട്. ലഹരി, മയക്കുമരുന്ന് ലോബികളെയും പൂവാലൻമാരെയും സംബന്ധിച്ച് നിരവധി പരാതി ലഭിച്ചതിനെ തുടർന്നാണ് പാനൂർ പോലീസ് നടപടി.