ബെയ്ജിംഗ്: ഉത്തർപ്രദേശില്‍ ഇതരമതസ്ഥനായ കുട്ടിയുടെ മുഖത്തടിക്കാന്‍ ക്ലാസിലെ മറ്റു കുട്ടികളോട് അധ്യാപിക ആവശ്യപ്പെട്ട സംഭവം വൻവിവാദമായിരുന്നു. ഇപ്പോഴിതാ സമാനമായ സംഭവം ചൈനയിൽനിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നു.
കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ പ്രൈമറി സ്കൂൾ അധ്യാപികയാണു വിവാദനായിക. അവരുടെ ക്ലാസിൽ അനുസരണക്കേടു കാട്ടിയ വിദ്യാർഥിനികളെ അതേ ക്ലാസിലെ ആണ്‍കുട്ടികളെക്കൊണ്ടു മുഖത്തടിപ്പിച്ചുവെന്നാണു പരാതി. ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടെ ഭക്ഷണം കഴിച്ച വിദ്യാർഥിനികളോടായിരുന്നു ഷു എന്നു പേരുള്ള ടീച്ചറിന്റെ ക്രൂരത.
തങ്ങളുടെ മുഖത്ത് സ്വയം ആഞ്ഞടിക്കാനായിരുന്നു ആദ്യം അധ്യാപിക നിർദേശിച്ചത്. ഇതിനു പെണ്‍കുട്ടികള്‍ തയാറാകാത്തതിനാല്‍ സഹപാഠികളായ ആൺകുട്ടികളോട് പെൺകുട്ടികളുടെ മുഖത്തടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവം വിവാദമായതോടെ അധ്യാപികയെ സ്കൂളിൽനിന്നു സസ്പെൻഡ് ചെയ്തെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.