പ്രണയബന്ധം തുടരാന്‍ താല്പര്യമില്ലെന്നു പറഞ്ഞ കോളജ് വിദ്യാര്‍ഥിനിയെ സഹപാഠി ക്ലാസ് മുറിയിലിട്ട് തല്ലിച്ചതച്ചെന്ന് പരാതി. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് സഹപാഠിയായ വിദ്യാര്‍ഥിയുടെ മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റത്. ഇടുക്കി മുരിക്കാശ്ശേരിയിലെ കോളേജിലെ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് താടിയെല്ലിനും ചെവിക്കും മാരകമായി പരിക്കേറ്റ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ക്ലാസ് മുറിയിലിട്ട് സഹപാഠിയായ ജിത്തു ജോണ്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മുമ്പ് പെണ്‍കുട്ടിയും ജിത്തുവും പ്രണയത്തിലായിരുന്നു.
കുറേനാള്‍ മുമ്പ് യുവാവില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായതോടെ ഈ ബന്ധം ഉപേക്ഷിച്ചു. അതില്‍പ്പിന്നെ നിരന്തരം ഇയാള്‍ ശല്യപ്പെടുത്തിയിരുന്നതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണത്തിന് ജിത്തുവിന്റെ ചില സുഹൃത്തുക്കളും സഹായിച്ചതായി കുടുംബം ആരോപിക്കുന്നു. പരാതി നല്കിയപ്പോള് മുരിക്കാശ്ശേരി പോലീസില്‍ നിന്നുണ്ടായത് മോശം അനുഭവമാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ ജിത്തുവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിക്ക് വേണ്ടി അന്വേഷണത്തിലാണെന്നുമാണ് മുരിക്കാശ്ശേരി പൊലീസ് പറയുന്നത്.