മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ വളരെ പ്രധാനപ്പെട്ട സിനിമയാണ് ക്ലാസ്മേറ്റ്സ്. കേരളത്തിലാകെ തരംഗമായി മാറിയ സിനിമ നല്കിയ ഫീലിംഗ് ആണ് മിക്ക കോളജുകളിലും റീയൂണിയനുകള്‍ ഒരുകാലത്ത് സ്ഥിരം കാഴ്ചയാക്കി മാറ്റിയത്.
പൃഥ്വിരാജ്, ജയസൂര്യ, നരേന്, ഇന്ദ്രജിത്ത് തുടങ്ങിയവരുടെ കരിയറിനെ മാറ്റി മറിച്ച ചിത്രം കൂടിയാണ് ക്ലാസ്മേറ്റ്സ്. സുകുവും സതീശന് കഞ്ഞിക്കുഴിയും താരയും പയസുമൊക്കെ മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളാണ്.
സുകുവിന്റെയും താരയുടേയും പ്രണയവും കഞ്ഞിക്കുഴിയുടെ ഉഡായിപ്പും മുരളിയുടെ പാട്ടും റസിയയുടെ വിങ്ങലുമെല്ലാം ഇന്നും കേരളക്കര നെഞ്ചില്‍ സൂക്ഷിക്കുന്നു.
പൃഥ്വിരാജിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ക്ലാസ്മേറ്റ്സിലെ സുകുവെന്ന സുകുമാരന്‍. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ സുകുവായി താന്‍ മനസില്‍ കണ്ട തന്റെ പഴയ സുഹൃത്തിനെക്കുറിച്ച് ലാല്‍ജോസ് മനസ് തുറക്കുകയാണ്.
ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ലാല്‍ ജോസിന്റെ സീനിയറും കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍മാനുമായിരുന്ന ഇ. ചന്ദ്രബാബുവില്‍ നിന്നുമാണ് സുകു ഉണ്ടാകുന്നത്.
ഇന്ന് ചളവറ പഞ്ചായത്ത് പ്രസിഡന്റാണ് അദ്ദേഹം. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളില്‍ ഒന്നാണ് ക്ലാസ്മേറ്റ്സ്. അതെന്റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയാണ്.
സമ്പന്നമായ കാമ്പസ് ഓര്‍കളില്‍ നിന്നുമാണ് ആ സിനിമ ചെയ്തത്. ചിത്രത്തിന്റെ കഥയ്ക്ക് ജീവിതവമുമായി ബന്ധമില്ലെങ്കിലും ഓരോ കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോഴും മനസില്‍ ഓരോ റോള്‍ മോഡല്‍ ഉണ്ടായിരുന്നു.
ജയിംസ് ആല്‍ബര്‍ട്ടായിരുന്നു തിരക്കഥയെഴുതിയത്. തിരക്കഥയിലെ നായകനെ മനസില്‍ കാണുമ്പോള്‍ ഓര്മ വന്നത് മുണ്ടും കോട്ടണ്‍ ഷര്‍ട്ടും ധരിച്ച് നടന്നിരുന്ന ചന്ദ്രബാബുവിനെയായിരുന്നു.
ആ ശരീരഭാഷയും ശൈലികളും വസ്ത്രധാരണവുമെക്കെയാണു പൃഥ്വിരാജിലേക്ക് പകര്‍ത്തിയത്. എന്നാല്‍ ചന്ദ്രബാബുവിന്റെ സന്തതസഹചാരിയായിരുന്ന തോള് സഞ്ചിയെ ഒഴിവാക്കി, പകരം ഫയല്‍ കൈയില്‍ ചുരുട്ടിപ്പിടിരിക്കുന്ന ശീലം സിനിമയിലെടുത്തു.
അതേസമയം മുന്‍ നിയമസഭ സ്പീക്കര്‍ ആയ ശ്രീരാമകൃഷ്ണന്റെ ശൈലികളും സുകുവിലുണ്ടായിരുന്നു. അക്കലാത്തെ കോളജിലെ എസ്എഫ്ഐ നേതാവായിരുന്നു ശ്രീരാമകൃഷ്ണന്.
സുകു മാത്രമല്ല, നല്ലപാട്ടുകാരനായ മുരളി കൂടെ പഠിച്ചിരുന്ന ദിനേശനാണ്. ദിനേശ് പിന്നീട് സിനിമയില്‍ പിന്നണി ഗായകനായി മാറുകയായിരുന്നു.
വീട്ടില്‍ ഉറങ്ങികിടക്കുമ്പോള്‍ ഹൃദയാഘാതം വന്ന് മരിച്ച സുരേഷ് വത്സന് എന്ന സീനിയറിന്റെ മരണം മുരളിയുടെ ദുരന്ത മരണമായി സിനിമയില്‍ ഭാഗമാകുന്നുണ്ട്.
ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച സതീശന് കഞ്ഞിക്കുഴി തിരക്കഥാകൃത്തായ ജയിംസ് ആല്‍ബര്‍ട്ടിന്റെ സഹപാഠിയാണ്- ലാല്‍ ജോസ് പറയുന്നു.
-പിജി