യുവതിയുടെ ഫോട്ടോ അശ്ലീലസൈറ്റില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ സഹപാഠികളായിരുന്ന എട്ടുപേര്‍ക്കെതിരേ
കാട്ടാക്കട പോലീസ് കേസെടുത്തു.
ആലമുക്ക് സ്വദേശിനിയുടെ പരാതിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സഹപാഠികള്‍ക്കെതിരെയാണ് കേസ്. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്.
207 അംഗങ്ങളുള്ള സ്കൂള്‍ ഗ്രൂപ്പില്‍ നിന്നുള്ള യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തെന്നാണ് പരാതി.
ഈ ചിത്രങ്ങളും അശ്ലീല പദപ്രയോഗങ്ങളുമായി പരാതിക്കാരിയുടെ ഫോണിലേക്ക് വിദേശത്തു നിന്നു നിരന്തരം സന്ദേശം വന്നതോടെയാണ് സഹപാഠികളാണ് ഇതിനു പിന്നിലെന്ന് മനസ്സിലായതെന്ന് പരാതിയില്‍ പറയുന്നതായി പോലീസ് അറിയിച്ചു.
ഇതേസമയം, വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ശ്രമമാണ് പരാതിക്കു പിന്നിലെന്ന് ആരോപണ വിധേയര്‍ ആരോപിച്ചു.
ഒരുമിച്ചെടുത്ത ഫോട്ടോ, സുഹൃത്തുക്കള്‍ അകന്നതിനെ തുടര്‍ന്ന് വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം.
ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളില്‍ നിന്നും സന്ദേശങ്ങള്‍ വന്നു.
വിദേശത്തുള്ള ഭര്‍ത്താവിനെ വിവരം അറിയിക്കുകയുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.
ജനുവരി 31ന് സൈബര്‍ പോലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നല്കി. സംശയമുള്ള ആളിന്റെ പേരും ഫോണ്‍ നമ്പറുമടക്കമാണ് പരാതി നല്‍കിയത്.
കാട്ടാക്കട പോലീസ് കേസെടുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഇരയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
അതേസമയം, പരാതിയില്‍ പറയുന്ന എട്ടു പേരില്‍ ആരാണ് വിവാദ ചിത്രം അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തിയ ശേഷം നിരപരാധികളെ കേസില്‍നിന്ന് ഒഴിവാക്കുമെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു.