പരിസ്ഥിതിയ്ക്കും തത്ഫലമായി സമൂഹത്തിനും ഏറെ ദോഷം ചെയ്യുന്ന ഒന്നാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഹ്രസ്വ സമയത്തേയ്ക്ക് മാത്രം ആളുകള്‍ക്ക് സൗകര്യം ചെയ്യുന്നുണ്ടെങ്കിലും ആസന്ന ഭാവിയില്‍ അത് ദോഷം മാത്രമേ മനുഷ്യരാശിയ്ക്കും പ്രകൃതിയ്ക്കും ചെയ്യുകയുള്ളൂ എന്ന ബോധവും ബോധ്യവും അടുത്ത കാലത്തായി ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് എന്ന അപകടത്തെ തുരത്താന്‍ വേണ്ടത് ചെയ്യാന്‍ വിവിധ സര്‍ക്കാരുകളും അധികൃതരും സാധാരണക്കാരായ ജനങ്ങളുമെല്ലാം തയാറാവുന്നുണ്ട്. സമാനമായ രീതിയില്‍ കേരള വിപണിയിലും എത്തിയിരിക്കുകയാണ് പ്ലാസ്റ്റിക് ബദലായുള്ള മറ്റൊന്ന്.
പ്ലാസ്റ്റിക്കിനെ മറന്നുകൊണ്ട് മണ്ണിലേയ്ക്ക് മടങ്ങാനുള്ള മാര്‍ഗമാണ് കേരളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മണ്ഗ്ലാസുകളാണ് കേരളത്തിന്റെ വിപണി കീഴടക്കാന്‍ എത്തുന്നത്. ബീഹാര്‍, രാജസ്ഥാന് എന്നിവിടങ്ങളില്‍നിന്ന് അഞ്ചുകോടി മണ്ഗ്ലാസുകളാണ് കേരളത്തിന്റെ വിപണി കീഴടക്കാന്‍ എത്തുന്നത്. ചെറിയ ഗ്ലാസിന് 1.40 രൂപയും വലിയ ഗ്ലാസിന് 2.70 രൂപയുമാണ് വില. സര്‍ക്കാര്‍ പരിപാടികള്‍ക്ക് ഒരു രൂപയ്ക്ക് ഗ്ലാസ് നല്‍കും.
യന്ത്രവല്‍കൃതമായി നിര്‍മിക്കുന്ന മണ്‍ഗ്ലാസുകള്‍ ബീഹാര്‍, രാജസ്ഥാന് എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവന്ന് വിപണനം നടത്താനാണ് ലക്ഷ്യം. കേരളത്തില്‍ 14 ജില്ലകളിലും ഏജന്‍സികളെ നിയോഗിച്ച് വിപണനം നടത്താനുള്ള നടപടികള്‍ ആരംഭിച്ചു.
മാസം 50 ലക്ഷം ഗ്ലാസുകള്‍ കേരളത്തില്‍ വിപണനം പ്രതീക്ഷിക്കുന്നു. നിരവധിയാളുകള്‍ ഇതിനകം ഏജന്‍സിക്കായി സമീപിച്ചിട്ടുണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളിലും വിപണനം നടത്തും.
7500 ഇനം മണ്‍പാത്രങ്ങള്‍ വിപണിയിലെത്തിക്കും. ഇതില്‍ 1200 തരം ഗ്ലാസുകളുണ്ട്. ഇവയും വിപണിയില്‍ എത്തിക്കും. ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന ഗ്ലാസുകള്‍ പോളിഷ് ചെയ്ത് പെട്ടികളിലാക്കിയാണ് എത്തിക്കുക. 100 മില്ലി, 200 മില്ലി എന്നിങ്ങനെ വിവിധ അളവുകളില്‍ ഗ്ലാസുകളുണ്ട്.