ആലപ്പുഴ: മികച്ച മാലിന്യ സംസ്കരണ സംവിധാനങ്ങൾ നടപ്പാക്കിയതിൽ ഐക്യരാഷ്ട്ര സംഘടന UNEP( United Nations Environment Program) തെരഞ്ഞടുത്ത ലോകത്തിലെ അഞ്ചു ശുചിത്വ നഗരങ്ങളിൽ ആലപ്പുഴയും ഇടംപിടിച്ചു. 2014-ൽ ആലപ്പുഴ നഗരസഭ നടപ്പാക്കിയ വികേന്ദ്രീകൃത മാലിന്യ സംസ്കരണ പരിപാടിയാണ് ആലപ്പുഴയ്ക്കും ഈ നേട്ടം കൈവരിക്കാൻ കാരണമായത്. ആലപ്പുഴയ്ക്ക് പുറമേ ജപ്പാനിലെ ഒസാക, സ്ലോവേനിയയിലെ ജുബിൾജന, മലേഷ്യയിലെ പെനാഗ്, കൊളംബിയയിലെ കജിക എന്നിവയാണ് മറ്റു നഗരങ്ങൾ.
മന്ത്രി ഡോ. തോമസ് ഐസക്കാണ് മാലിന്യ സംസ്കരണം കീറാമുട്ടിയായിരുന്ന ആലപ്പുഴ നഗരസഭയിലെ ഈ പദ്ധതിയുടെ ആസൂത്രകൻ. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക എന്നതായിരുന്നു പദ്ധതിയുടെ കാതൽ. മേഴ്സി ഡയാന മാസിഡോ ആയിരുന്നു അന്നത്തെ ചെയർപേർസണ്.
ആലപ്പുഴയിൽ ഇതിനായി 1,74,000 വീടുകളിൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ചു. പൈപ് കംപോസ്റ്റ് രീതിയും അവലംബിച്ചു. 2016-ൽ ആലപ്പുഴയ്ക്കു സെന്റർ ഫോർ സയൻസ് ആൻഡ് എൻവയർമെന്റിന്റെ മികച്ച ശുചിത്വ നഗരത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു.
കിഴക്കിന്റെ വെനീസ് എന്നു വിളിപ്പേരുള്ള ആലപ്പുഴയിൽ ഹൗസ്ബോട്ടുകൾ പുറംതള്ളുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതിലും കായലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിലും നഗരസഭയുടെ ഈ പദ്ധതി ഗുണംചെയ്തതായും കണക്കാക്കുന്നു. രാജ്യത്തു കുന്നുകൂടിയിരിക്കുന്ന മാലിന്യങ്ങൾ തുടച്ചുനീക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഉദാഹരണമെന്നാണ് ആലപ്പുഴ തെരഞ്ഞെടുത്തതിനു പിന്നിലെന്നു സംഘടന വിലയിരുത്തുന്നത്.
ജനസംഖ്യയിൽ ലോകത്തിലെ രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ നടപ്പാക്കിയ മാലിന്യസംസ്കരണ പദ്ധതികൾ മറ്റു നഗരങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്ന് സംഘടന ശിപാർശ ചെയ്യുന്നു.
ജയ്സണ് ജോയ്