മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില് ഐ.ജി: ജി. ലക്ഷ്മണ് ഉള്പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്ക്കു ക്രൈം ബ്രാഞ്ചിന്റെ ക്ലീന് ചിറ്റ്.
മോന്സന് നടത്തിയ തട്ടിപ്പുകളില് ഉദ്യോഗസ്ഥര്ക്കു പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നു ഹൈക്കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടില് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
അതേസമയം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരായുള്ള ആരോപണങ്ങള് അന്വേഷിക്കുകയാണെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
മോന്സന് മാവുങ്കലിന്റെ വീടിനു പോലീസ് സംരക്ഷണം നല്കിയതു സ്വാഭാവിക നടപടിയാണെന്നും ന്യായീകരിച്ചു.
മോന്സന് മാവുങ്കലിന്റെ തട്ടിപ്പുക്കേസില് ഐ.ജി: ജി. ലക്ഷ്മണ് അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതി ചേര്ക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് സ്വദേശി എം.ടി. ഷെമീര് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് അന്വേഷണ പുരോഗതി വിവരങ്ങള് ക്രൈം ബ്രാഞ്ച് അറിയിച്ചത്.
തട്ടിപ്പ് ആരോപണങ്ങളില് ഐ.ജി: ജി. ലക്ഷ്മണ്, മുന് ഡി.ഐ.ജി: എസ്. സുരേന്ദ്രന്, സി.ഐ: എ. അനന്തലാല്, എസ്.ഐ: എ.ബി. വിബിന്, മുന് സി.ഐ: പി. ശ്രീകുമാര് എന്നിവര്ക്കെതിരേ തെളിവില്ല.
മുന് ഡി.ഐ.ജി: എസ്. സുരേന്ദ്രനും കുടുംബത്തിനും മോന്സന് മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
എന്നാല് തട്ടിപ്പുകേസില് പ്രതിയാക്കാനുള്ള തെളിവു ലഭിച്ചില്ല. അനന്തലാലും വിബിനും കടമായിട്ടാണ് മോന്സന്റെ പക്കല് നിന്നും 2,80,000 രൂപ കൈപ്പറ്റിയതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്ട്ടില് പറയുന്നു.
മോന്സന് മാവുങ്കലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് പട്രോളിംഗിന്റെ ഭാഗമായി വീടിനു മുന്നില് പോയിന്റ് ബുക്ക് വച്ചത്.
പ്രത്യേക പോലീസ് സുരക്ഷ നല്കിയിട്ടില്ല. പന്തളം പോലീസ് സ്റ്റേഷനിലെ തട്ടിപ്പുകേസില് ഐ.ജി: ജി. ലക്ഷ്മണ് ഇടപെടാന് ശ്രമിച്ചെന്നതു വസ്തുതയാണ്. എന്നാല് ആ ശ്രമങ്ങള് വിജയിച്ചില്ല.-ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ജയിലില് കഴിയുന്ന മോന്സന്റെ വീട്ടില് നിന്നും മറ്റും കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു തെളിവുകള് ശേഖരിക്കണമെന്നും അന്വേഷണം തുടരുന്ന സാഹചര്യത്തില് ഹര്ജി അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്ട്ടില് ആവശ്യപ്പെട്ടിട്ടുണ്ട്.