പ്രളയം വരുത്തി വച്ച ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള തീവ്ര പരിശ്രമത്തിലാണ് കേരളം ഇന്ന്. അക്കൂട്ടത്തില്‍ വലിയ പ്രയത്നം വേണ്ടി വരുന്ന ഒന്നാണ് വെള്ളം കയറി ഇറങ്ങിയ വീടുകള്‍ വൃത്തിയാക്കുക എന്നത്. പ്രളയവും ദുരിതാശ്വാസ ക്യാമ്പിലെ ജീവിതവും അതിജീവിച്ചെത്തിയവര്‍ക്ക് പോലും സ്വന്തം വീടിന്റെ നിലവിലെ അവസ്ഥ കണ്ട് സഹിക്കാന്‍ കഴിയുന്നില്ല. വീടിന് മുന്നില്‍ പകച്ചു നില്‍ക്കുന്നവരാണധികവും.
ഈ പ്രതിസന്ധിയെയും നേരിട്ട് മുന്നോട്ടുപോകാന്‍ ഏവര്‍ക്കും ബലം നല്കുന്ന ഒരു പുതിയ പദ്ധതിയ്ക്കാണ് ഇപ്പോള്‍ കേരളത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ചെളി കയറിയ വീടുകള്‍ തുടച്ച് വൃത്തിയാക്കുക എന്നൊരു ചലഞ്ചാണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായിരിക്കുന്നത്. ക്ലീന്‍ ഹൗസ് ചലഞ്ച് എന്നാണ് ഇതിന്റെ പേര്. പ്രളയത്തില്‍ തകര്‍ന്നതും ചെളി കയറിയതുമായ 13 ലക്ഷം വീടുകളാണ് കേരളത്തില്‍ ഉള്ളത്. അവയിലേതെങ്കിലും വൃത്തിയാക്കുക എന്നതാണ് ചലഞ്ച്.
എന്താണ് ക്ലീന്‍ ഹൗസ് ചലഞ്ച്?
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരു വീട് നിങ്ങള്‍ വൃത്തിയാക്കുക എന്നിട്ട് ചൂലുമായി നില്ക്കുന്ന ഒരു ഫോട്ടോയോ വീഡിയോയോ #CLEANHOUSECHALLENGE എന്ന ഹാഷ് ടാഗോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യണം. പിന്നീട് സിനിമാ താരങ്ങളേയും, രാഷ്ട്രീയ പ്രവര്‍ത്തകരേയും കൂട്ടുകാരേയും ഈ ചലഞ്ച് ഏറ്റെടുക്കാന്‍ വെല്ലുവിളിക്കാം.
ചലഞ്ച് ഇതുവരെ നിരവധി ആളുകള്‍ സ്വീകരിച്ചു. ചലഞ്ച് ഏറ്റെടുത്ത വി.ഡി. സതീശന് എം.എല്‍.എ ഹൈബി ഈഡനെയും ശുചീകരണത്തിനിറങ്ങാന്‍ ക്ഷണിച്ചു. വെല്ലുവിളി ഏറ്റടുത്ത ഹൈബി ഈഡന് വീട് വൃത്തിയാക്കിയ ശേഷം സുഹൃത്തും പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പിലിനെ വീട് വൃത്തിയാക്കാന്‍ വെല്ലുവിളിച്ചു. പ്രളയത്തില്‍ ചെളിയടിഞ്ഞ വീടുകള്‍ ശുചീകരിക്കാനായി എറണാകുളത്തെ കാസര്‍ഗോഡ് എന്ന പരസ്യ കമ്പനിയാണ് ക്ലീന്‍ ഹൗസ് ചലഞ്ച് തുടങ്ങിയത്.