കോട്ടയം: പ്രളയാനന്തരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ സംഭരിക്കാനൊരുങ്ങി ക്ലീൻ കേരള കന്പനി. ഇതിനായി ശുചിത്വമിഷനുമായി ചേർന്ന് പ്രത്യേക പദ്ധതി തയാറാക്കിക്കഴിഞ്ഞു. ഇ-മാലിന്യങ്ങൾ കുറഞ്ഞത് ഒരു ലോഡ് എങ്കിലുമുണ്ടെങ്കിൽ ക്ലീൻ കേരള കന്പനി ഏറ്റെടുക്കും.
സംഭരിച്ച മാലിന്യങ്ങൾ ഹൈദരാബാദിലുള്ള റീസൈക്ലീംഗ് കന്പനിക്ക് നൽകാനാണ് തീരുമാനം.ഓഫീസുകൾക്ക് ഇതു സംബന്ധിച്ച സർക്കുലർ നൽകിക്കഴിഞ്ഞു. നിലവിലെ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ പ്രളയബാധിത മേഖലകളിൽ നിന്നും ക്ലീൻ കേരള കന്പനി ഇതുവരെ സംഭരിച്ചത് 12 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്. ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ, വെള്ളം കയറിയ വീടുകൾ, ഓഫീസുകൾ, ജല സ്രോതസ്സുകൾ തുടങ്ങിയവയാണ് ക്ലീൻ കേരള മിഷന്റെ നേതൃത്വത്തിൽ ശുചീകരിച്ചത്.
ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നീ ഏജൻസികൾക്കാണ് ശുചീകരണ ചുമതല. വകുപ്പു ഉദ്യോഗസ്ഥർക്കൊപ്പം വിവിധ ഏജൻസികളിൽ നിന്നുള്ള 6000 വോളന്റിയേഴ്സും പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ജില്ലയിലെ 15 പഞ്ചായത്തുകളിലാണ് നിലവിൽ ശുചീകരണം പൂർത്തിയായത്. ജൈവ – അജൈവ – പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് സംഭരിച്ചാണ് സംസ്കരിക്കുന്നത്. ഇത് ബ്രഹ്മപുരത്തെ റീസൈക്ലീംഗ് കന്പനിയിലേക്കാണ് എത്തിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലെ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റുകളും ഇതിനായി ഉപയോഗിക്കും.