കോട്ടയം/ ഗാന്ധിനഗർ: പോലീസിന്റെ ഓപ്പറേഷൻ ക്ലീൻ കോട്ടയം പദ്ധതി കോട്ടയം മെഡിക്കൽ കോളജ് പരിസരത്തേക്കും വ്യാപിപ്പിക്കുന്നു. നഗരമധ്യത്തിലും സമീപ പ്രദേശങ്ങളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും സാമൂഹിക വിരുദ്ധരെയും ഒഴിപ്പിക്കുന്ന പദ്ധതിയാണ്.
കഴിഞ്ഞ ദിവസം ആരംഭിച്ച ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നാഗന്പടം സ്വകാര്യ ബസ് സ്റ്റാൻഡിലും പരിസരത്തും തന്പടിച്ചിരുന്നു നിരവധി പേരെ പോലീസ് ഒഴിപ്പിച്ചിരുന്നു. ഇന്നലെ തിരുനക്കര ഭാഗത്ത് കറങ്ങി നടന്നിരുന്ന രണ്ടു പേരെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയിരുന്നു.
മോഷണം, അടിപിടി തുടങ്ങിയ വിവിധ കേസുകളിൽ വാറന്റുണ്ടായിരുന്ന കുടമാളൂർ കൊപ്രായിൽ ജയിംസ് (41), പുതുപ്പള്ളി നിലയ്ക്കൽ ഭാഗത്ത് അഞ്ചക്കാട്കുന്നേൽ സാജൻ (32) എന്നിവരെയാണ് പിടികൂടിയത്.
കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങൾക്കും പുറമേ ഏറ്റവും കൂടുതൽ സാമൂഹിക വിരുദ്ധരും കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘത്തിൽപ്പെട്ടവരും മോഷ്്ടാക്കളും ഉൾപ്പെടെയുള്ളവർ തന്പടിക്കുന്നതു മെഡിക്കൽ കോളജിലാണെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി ഇവിടേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് കോന്പൗണ്ടിലുംപരിസര പ്രദേശങ്ങളിലും രാത്രികാല പോലീസ് പാട്രോളിംഗ് നടത്തി.കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ നേരിട്ടായിരുന്നു പരിശോധനകൾക്കു നേതൃത്വം നല്കിയത്.
മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ അനധികൃതമായി താമസിച്ചിരുന്ന നിരവധി പേരെ പോലീസ് താക്കീത് ചെയ്തു. കൂടാതെ ഗാന്ധിനഗർ സ്റ്റേഷനിൽ അതിർത്തിയിലുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുടെ വീടുകളിലും പരിശോധന നടത്തി.
പോലീസ് നടപടികൾ ശക്തമാക്കിയതോടെ മാഫിയ സംഘങ്ങൾ നഗരം വിട്ടതായാണ് സൂചന. എസ്എച്ച്ഒമാരായ റിജോ പി. ജോസഫ്, അനൂപ് കൃഷ്ണ, കെ. ഷിജി, എസ്ഐമാരായ ടി. ശ്രീജിത്ത്, അനീഷ്കുമാർ, പ്രശോഭ് തുടങ്ങിയവരാണ് പരിശോധനകൾക്കു നേതൃത്വം നല്കുന്നത്.