പേരാവൂർ: നെടുംപൊയിൽ ചുരത്തിൽ ലോറി ഡ്രൈവർ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാംപുരം സ്വദേശി സിദ്ദിഖ് (29) ആണ് കൊല്ലപ്പെട്ടത്.
നെടുംപൊയിൽ മാനന്തവാടി റോഡരികിൽ ചാമുണ്ടി കോറയുടെ സമീപം ലോറികൾ നിർത്തിയിടുന്ന സ്ഥലത്ത് ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രതി ലോറി ഡ്രൈവർ പത്തനാംപുരം സ്വദേശി നിഷാദ് (29) കണ്ണവം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
മദ്യപിച്ച ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.സിദ്ദിഖ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തിരിച്ച് നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രതി നിഷാദിന്റെ മൊഴി. എന്നാൽ, പോലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല.
ആന്ധ്രയിൽനിന്ന് സിമന്റ് ലോഡുമായി കൂത്തുപറന്പിലേക്ക് വരികയായിരുന്ന ലോറിയിലെ ജീവനക്കാരാണ് ഇരുവരും. മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.