ആലപ്പുഴ: പ്രളയത്തിൽ മുങ്ങിയ കുട്ടനാട്ടിൽ നിന്നും പലായനം ചെയ്തവരെ വീടുകളിൽ തിരികെയെത്തിക്കുന്നതിനു മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മഹാശൂചീകരണമാരംഭിച്ചു. കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളിലെ 178 വാർഡുകളിലാണ് ശൂചീകരണം നടത്തുന്നത്.
വീടുകളും പരിസരവും വൃത്തിയാക്കിയും അറ്റകുറ്റപ്പണികൾ നടത്തി താമസയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ കുട്ടനാട്ടുകാർക്കൊപ്പം ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരുമുണ്ട്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള അയ്യായിരത്തോളം സന്നദ്ധ പ്രവർത്തകർ ശുചീകരണത്തിൽ പങ്കെടുക്കുന്നുണ്ട്.
അഞ്ഞൂറിലധികം വള്ളങ്ങളും ഹൗസ് ബോട്ടുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലുമായാണ് ശുചീകരണ സേനാംഗങ്ങളെ രാവിലെ മുതൽ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചത്. ശുചിയാക്കൽ പരിപാടികൾ നിയന്ത്രിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും കളക്ടറേറ്റിൽ കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ശുചീകരണമാരംഭിച്ച 22 പഞ്ചായത്തുകളിലായുള്ള 178 വാർഡുകളിലും 178 ഭക്ഷണ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ശുചീകരണത്തിന് വരുന്നവർക്ക് ഉൾപ്പടെ ഇവിടെ ഭക്ഷണം നൽകാൻ എല്ലാ സൗകര്യവും ചെയ്തിട്ടുണ്ട്.
ഓരോ വാർഡിലും 500 ബോട്ടിൽ വീതം വെള്ളക്കുപ്പികൾ വിതരണം ചെയ്യും. 178 വാർഡുകളിലും സുസജ്ജമായ ചികിൽസ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനു പുറമേ ബോട്ടുകളിൽ മെഡിക്കൽ സംഘത്തിന്റെ പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ ഡോക്ടർമാർ, മറ്റു ജീവനക്കാർ തുടങ്ങിയവർ സംഘത്തിലുണ്ട്.
ഇന്നും നാളെയുമായി നടക്കുന്ന ശൂചീകരണത്തിൽ കഴിയുന്നത്ര വീടുകൾ താമസയോഗ്യമാക്കി ജനങ്ങളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യമാണുള്ളത്.വെള്ളമിറങ്ങിയ സ്ഥലങ്ങളിൽ ശുചീകരണം സർക്കാരിന്റെ കണക്കുകൂട്ടൽ അനുസരിച്ച് നടക്കുമെങ്കിലും ജലനിരപ്പ് താഴാത്ത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ വൈകാനാണു സാധ്യത.