കരൂപ്പടന്ന: മഴ നിന്നിട്ടും സ്വന്തം വീടുകളിൽ അന്തിയുറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കരൂപ്പടന്നയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഒറ്റപ്പെട്ടവരും രോഗികളുമായ ആളുകളുടെ വീടുകളിൽ ശുചീകരണം നടത്തുകയാണു കരൂപ്പടന്ന ഗ്രീൻ ട്രാക്ക് സോഷ്യൽ ക്ലബിലെ യുവാക്കൾ.
ശുചീകരണ സാമഗ്രികളുമായി വീടുകളിലെത്തുന്ന ഇവർ ഗ്രൂപ്പുകൾ തിരിഞ്ഞ് കൈ, മെയ് മറന്ന് പ്രവർത്തിക്കുകയാണ്.ചളി നിറഞ്ഞ് വീട്ടിലേക്കു കയറാൻ ബുദ്ധിമുട്ടുന്നവർക്കു ആശ്വാസവുമായിയെത്തുന്ന ഇവർ ഇതിനകം നിരവധി വീടുകളാണ് താമസയോഗ്യമാക്കിത്തീർത്തത്.
ക്യാന്പുകളിലേക്കു ഭക്ഷണമൊരുക്കിയും വസ്ത്രങ്ങളും മറ്റു അവശ്യസാധനങ്ങളുമെത്തിച്ചും ദിവസങ്ങളായി ദുരിതാശ്വാസ പ്രവർത്തനരംഗത്ത് സജീവമായിരിക്കുന്ന ഈ സംഘത്തിൽ ഡോക്ടർ, അഡ്വക്കേറ്റ്, എൻജിനീയർ, കോളജ് വിദ്യാർഥികൾ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവരുണ്ട ്.
ഓണത്തിന്റെയും പെരുന്നാളിന്റെയും ദിവസങ്ങൾ ആഘോഷം ഒഴിവാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയായിരുന്നു ഈ യുവാക്കൾ.