കൊച്ചി: എറണാകുളം മാർക്കറ്റിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കടകന്പോളങ്ങളോടു ചേർന്നുള്ള ഓടകൾ യഥാസമയം വൃത്തിയാക്കണമെന്നു കച്ചവടക്കാർ ആവശ്യപ്പെട്ടു.ഓടകളിൽനിന്നു നീക്കം ചെയ്യുന്ന മാലിന്യങ്ങൾ റോഡിനു സമീപത്തായിതന്നെ നിക്ഷേപിക്കാതെ വേണ്ടരീതിയിൽ നിർമാർജനം നടത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
ഇതിനിടെ, നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപറേഷനെതിരായ ഹൈക്കോടതി വിമർശനത്തിനു പിന്നാലെ കോർപറേഷന്റെ നേതൃത്വത്തിൽ നഗരത്തിൽ തിരക്കിട്ട ശുചീകരണ പ്രവൃത്തികൾക്കു തുടക്കമിട്ടു. കഴിഞ്ഞദിവസം കനത്ത മഴയ്ക്കു പിന്നാലെയുണ്ടായ വെള്ളക്കെട്ട് മണിക്കൂറുകളോളം നഗരജീവിതം ദുസഹമാക്കിയിരുന്നു.
പ്രധാനറോഡുകൾക്കു പുറമേ നഗരത്തിനുള്ളിലെ ഇടറോഡുകളിലും ശുചീകരണ പ്രവൃത്തികൾ നടന്നുവരികയാണ്. ഓടകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിനീക്കം ചെയ്യുന്ന പ്രവൃത്തികളാണ് പ്രധാനമായും നടന്നുകൊണ്ടിരിക്കുന്നത്. ചെളി അടിഞ്ഞുകൂടിയ കനാലുകളും വൃത്തിയാക്കുന്നുണ്ട്. മാലിന്യങ്ങൾ വന്നടിഞ്ഞ് ഓടകൾ മൂടിപ്പോയതുമൂലമാണ് കഴിഞ്ഞദിവസം വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനിടയാക്കിയത്.
ഓടകളിൽ നീരൊഴുക്ക് സുഗമമാക്കിയാൽതന്നെ മഴയെതുടർന്നുണ്ടാകുന്ന നഗരത്തിലെ വെള്ളക്കെട്ട് ഒരുപരിധിവരെ കുറയ്ക്കാനാകും. പ്രധാന റോഡുകൾ ഉൾപ്പെടെ മുങ്ങിയ പെരുമഴയിൽ റോഡിനിരുവശത്തും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഇപ്പോഴും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അവശേഷിക്കുകയാണ്. നഗരത്തിനുള്ളിലെ കോളനികളിൽ രൂപപ്പെട്ട വെള്ളക്കെട്ട് താഴ്ന്നിട്ടുണ്ട്.
വെള്ളത്തിൽ കുതിർന്ന വീട്ടുപകരണങ്ങൾ ഉണക്കിയെടുക്കുന്ന തിരക്കിലാണ് കോളനി നിവാസികൾ. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ഉൾവശം വൃത്തിഹീനമായി ഇന്നലെയും തുടർന്നു. സമീപത്തെ ഓടകൾ നിറഞ്ഞു കവിഞ്ഞെഴുകുന്നതാണ് സ്റ്റാൻഡിനെ വെള്ളത്തിൽ മുക്കുന്നത്. ബസ് സ്റ്റാൻഡിന് പിൻവശത്തുള്ള കാനയും പരിസരവും ചെളി കോരി വൃത്തിയാക്കുന്ന നടപടികൾ ഇന്നലെ ആരംഭിച്ചു.