കൊച്ചി: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. അങ്കമാലി നഗരസഭ, ചെങ്ങമനാട് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായി 42 ടണ് അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു.
ശേഖരിച്ച മാലിന്യങ്ങൾ പുനഃചംക്രമണത്തിന് വിധേയമാക്കുന്നതിനായി ക്ലീൻ കേരള, ജി.ജെ എക്കോ പവർ എന്നീ കന്പനികളിലേക്ക് മാറ്റി. ജില്ലയിൽ സ്വന്തമായി മാലിന്യ സംഭരണ സംവിധാനമുള്ള പഞ്ചായത്തുകൾ അതാത് സ്ഥലങ്ങളിൽ തന്നെ മാലിന്യശേഖരണം നടത്തുന്നുണ്ട്.
കൂടാതെ ജൈവ മാലിന്യങ്ങൾ അതതു പ്രദേശത്ത് വേഗത്തിൽ സംസ്കരിക്കുന്നതിനും ദുർഗന്ധം ഇല്ലാതാക്കുന്നതിനുമായി സാനിട്ടറീസ്, ബയോകുലം എന്നിവ 2.4 ടണ്ണോളം എല്ലാ പഞ്ചായത്തുകളിലും വിതരണം ചെയ്തിട്ടുണ്ട്. പ്രളയത്തെ തുടർന്ന് ഉപയോഗശൂന്യമായ കിടക്കകൾ, വസ്ത്രങ്ങൾ, തലയിണകൾ, മറ്റു വീട്ടുപകരണങ്ങൾ എന്നിവയാണ് മാലിന്യ ശേഖരണത്തിൽ ഏറ്റവും കൂടുതൽ കാണുന്നത്. കൂടാതെ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, റബർ വസ്തുക്കൾ, ഇരുന്പ്, കാർഡ് ബോർഡുകൾ തുടങ്ങിയവയെല്ലാം തരംതിരിച്ച് ശേഖരിച്ചാണ് നീക്കം ചെയ്യുന്നത്.
ജില്ലയ്ക്കകത്തും പുറത്തുമുള്ള ഐടിഐയിലെ വിദ്യാർഥികളും അധ്യാപകരുമായി 250 ഓളം പേർ കളമശേരി ഐടിഐ കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിന്റെ നിർദേശമനുസരിച്ച് വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പല വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ശുചീകരണ പരിപാടികളിൽ പങ്കാളികളാണ്.
കൂടാതെ ഒഡീഷയിൽ നിന്നുള്ള 30 പേരടങ്ങുന്ന സംഘം ക്ലീനിംഗ് പ്രവർത്തനങ്ങൾക്കായി ഇന്നലെ കൊച്ചിയിലെത്തി. ശുചീകരണ പ്രവർത്തനങ്ങൾ കൂടാതെ റിപ്പയറിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കൽ വർക്കുകൾ, മരപ്പണി, വെൽഡിംഗ് എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരാണ് എത്തിയിരിക്കുന്നത്.
ശുചീകരണ പ്രവർത്തനങ്ങൾക്കായി 50 പെട്രോൾ മോട്ടോർ പന്പുകൾ, പ്രഷർ പന്പുകൾ, ഗംബൂട്ട്സ്, ബ്ലീച്ചിംഗ് പൗഡർ, ഫിനോയിൽ, മറ്റു ക്ലീനിംഗ് ഉപകരണങ്ങൾ എന്നിവ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നൽകിയിട്ടുണ്ട്. ജില്ലയിലെ പോലീസ് സേനയും ശുചീകരണ പ്രവർത്തനത്തിൽ മുന്നിലുണ്ട്. കൂടാതെ കിഴക്കന്പലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുന്നുകരയിലെ ശുചീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
കൊടുങ്ങല്ലൂർ, ചെങ്ങമനാട് ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ അടുത്ത ദിവസങ്ങളിൽ നടക്കും. ശുചിത്വ മിഷൻ കോ -ഓർഡിനേറ്റർ സിജു തോമസ്, ഹരിത കേരള മിഷൻ കോ-ഓർഡിനേറ്റർ സുജിത് കരുൺ, നോഡൽ ഓഫീസർ ടിന്പിൾ മാഗി എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ശുചീകരണം.