കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ ശുചീകരണ ജോലികൾ ഉൗർജിതമാക്കി. വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകളും സ്ഥാപനങ്ങളുമാണ് മാലിന്യവിമുക്തമാക്കുന്നത്.
നാലു ഗ്രൂപ്പുകളാണ് ശുചീകരണ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുന്നത്. ജില്ലാ പ്ലാനിംഗ് ഓഫീസർ, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ കോ-ഓർഡിനേറ്റർമാർ, എ. ഡി. സി. ജനറൽ എന്നിവർക്കാണ് ഗ്രൂപ്പുകളുടെ ചുമതല. ഗ്രൂപ്പുകളുടെ ഏകോപനം നിർവഹിക്കുന്നത് ജില്ലാ പ്ലാനിംഗ് ഓഫീസറാണ്.
കുടുംബശ്രീ പ്രവർത്തകർ, ഹരിത-കാർഷികകർമ സേന അംഗങ്ങൾ, ആശാവർക്കർമാർ, ആംഗൻവാടി ഹെൽപ്പർമാർ, എൻഎസ്എസ് വോളണ്ട ിയർമാർ, സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ, സന്നദ്ധസംഘടനകൾ, യുവജനങ്ങൾ, ക്ലബുകൾ തുടങ്ങിയവയാണ് ശുചീകരണവുമായി സഹകരിക്കുന്നത്. ശുചീകരണം പൂർത്തിയാക്കിയ വീടുകളിലേക്ക് ക്യാന്പുകളിലുള്ളവരെ മാറ്റി പാർപ്പിക്കുകയാണ്.
ജനപ്രതിനിധികളുമായി ദിവസേന കൂടിയാലോചിച്ചാണ് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്ലാസ്റ്റിക് , ആഹാര അവശിഷ്ടം എന്നിവ നീക്കം ചെയ്യുന്നതിന് പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട ്. അഴുകുന്ന മാലിന്യം കിണറിന് മൂന്ന് മീറ്റർ അകലെ കന്പോസ്റ്റ് കുഴികുത്തി നിക്ഷേപിക്കണം.
കന്പോസ്റ്റിംഗിന്റെ വേഗത കൂട്ടാനായി ഇനോക്കുലം തളിക്കണം. അഴുകാത്ത മാലിന്യങ്ങൾ തരംതിരിച്ച് നീണ്ട കരയിലെ ഷ്രെഡിംഗ് യൂണിറ്റിന് കൈമാറണം. മറ്റ് അജൈവ വസ്തുക്കൾ ക്ലീൻ കേരള കന്പനിക്കോ പാഴ് വസ്തു വ്യാപാരികൾക്കോ നൽകണം.
പ്ലാസ്റ്റിക് മാലിന്യം കത്തിക്കാനോ വലിച്ചെറിയാനോ കുഴിച്ചു മൂടാനോ പാടില്ല. സെപ്റ്റിക് ടാങ്ക് മാലിന്യം മലിനീകരണ നിയന്ത്രണ ബോർഡാണ് നീക്കം ചെയ്യേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപന ഭാരവാഹികൾ 9447975718 എന്ന നന്പരിൽ ബന്ധപ്പെടാം.
ശുചീകരണത്തിന് സന്നദ്ധ പ്രവർത്തകരെ ലഭിക്കാൻ ഹരിതകേരളം മിഷന്റെ 9188120322 നന്പരിലും ബന്ധപ്പെടണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ പി. ഷാജി അറിയിച്ചു.